പടിഞ്ഞാറേക്കല്ലട: റോഡിന് മുകളിൽ താണുകിടക്കുന്ന വൈദ്യുതി കമ്പികൾ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. പഞ്ചായത്തിലെ കോതപുരം തലയിണക്കാവിന് സമീപത്തെ കൊടുംവളവിലാണ് അപകടക്കെണി രൂപപ്പെട്ടത്. വലിയ വാഹനങ്ങളാണ് പതിവായി ഇവിടെ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം ഉത്സവ സ്ഥലത്തേക്കുള്ള പ്ലോട്ടുമായി വന്ന വാഹനം വൈദ്യുതി ലൈനിൽ തട്ടി വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് ഷോക്കേറ്റിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട്ടിൽ നിന്നുവരുന്ന കച്ചികയറ്റിയ ലോറികളാണ് വലിയ ഭീഷണിയുടെ നടുവിലായത്. ഇവ വൈദ്യുതി കമ്പികളിൽ തട്ടിയാൽ വലിയ അപകടമാകും സംഭവിക്കുക. ശാസ്താംകോട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പെടുന്നതാണ് ഈ പ്രദേശം. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.