കുണ്ടറ: കൊലപാതക കേസിന്റെ ഫോറൻസിക് പരിശോധനിൽ വന്ന അപാകത പരിഹരിക്കുന്നതിനായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മൂന്ന് വർഷങ്ങൾക്ക് ശേഷം ശേഖരിച്ചു. 2016ൽ കുണ്ടറ പേരയം വരമ്പ് ഭാഗത്തെ നിർമ്മാണം നിലച്ച തറയോട് കമ്പനിയിൽ വച്ച് തലയ്ക്ക് അടിയേറ്റ് മരിച്ച പേരയം ലാൽ നിവാസിൽ സുരേന്ദ്രൻ (65), കുമ്പഴ വടക്കതിൽ സുകുമോൻ (45) എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് മുളവന ഇടമല പൊതുശ്മശാനത്തിലെ കല്ലറകളിൽ നിന്നും പുറത്തെടുത്തത്. അന്വേഷണ സമയത്ത് തെളിവിനായി രക്തം ശേഖരിച്ചിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ മരിച്ച രണ്ട് പേരുടെയും രക്തം കൂടിക്കലർന്ന നിലയിലായിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായി കോടതി നിർദേശപ്രകാരമാണ് ശരീര ഭാഗങ്ങൾ ശേഖരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ പ്രൊഫസറും പൊലീസ് സർജനുമായ ഡോ. ശശികലയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങളുടെ തലയോട്, പല്ലുകൾ, കൈയെല്ലുകൾ, തുടയെല്ലുകൾ എന്നിവയാണ് കൊണ്ടുപോയത്. ഡി.എൻ.എ പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
2016 നവംബർ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. തറയോട് കമ്പനിയിലെ ജീവനക്കാരായിരുന്ന സുരേന്ദ്രനും സുകുമോനും കുമ്പളം പ്ലാവിള കിഴക്കതിൽ വീട്ടിൽ അനിലും കമ്പനിയിൽ ഇരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. അന്ന് വൈകിട്ട് 5ന് മദ്യപിക്കുന്നതിനിടെ ഓഫീസ് മുറിയിൽ വച്ചിരുന്ന കരിക്ക് കുടിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ അനിൽ മറ്റ് രണ്ട് പേരെയും കോൺക്രീറ്റ് തറയോട് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്നലെ കുണ്ടറ സ്പെഷ്യൽ തഹസിൽദാർ ഗിരീഷ് കുമാർ, പേരയം പഞ്ചായത്ത് സെക്രട്ടറി ജിജിമോൾ എന്നിവർ സന്നഹിതരായിരുന്നു. ഡിവൈ.എസ്.പി നാസറുദ്ദീന്റെ നേതൃത്വത്തിൽ കുണ്ടറ സി.ഐ ജയകൃഷ്ണൻ, എസ്.ഐ ഹർഷകുമാർ, എ.എസ്.ഐ നിസാമുദ്ദീൻ എന്നിവർ മേൽനടപടി സ്വീകരിച്ചു.