thee

കൊട്ടാരക്കര: വേനൽ കടുത്തതോടെ തീപിടിത്തങ്ങളും വ്യാപകമായതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നെട്ടോട്ടത്തിൽ. കൊട്ടാരക്കരയിൽ മാത്രം ഇന്നലെ അഞ്ചിടത്താണ് തീപിടിത്തം ഉണ്ടായത്. എല്ലാ സ്ഥലങ്ങളിലും ഉണങ്ങിക്കരിഞ്ഞ പുല്ലിലാണ് തീപടർന്നത്. ഒരു സ്ഥലത്തെ തീ നിയന്ത്രവിധേയമാക്കി തിരികെ സ്റ്റേഷനിലെത്തുന്നതിന് മുമ്പ് അടുത്ത സംഭവവും റിപ്പോർട്ട് ചെയ്തതോടെയാണ് ഉദ്യോഗസ്ഥരും വെട്ടിലായത്.

രാവിലെ 10.30ന് ഓടനാവട്ടം കുടവട്ടൂർ മാർക്കറ്റിനു സമീപം ഉണക്കപ്പുല്ല് കത്തി തീപർന്നതാണ് ആദ്യസംഭവം. നാട്ടുകാർ കൊട്ടാരക്കര ഫയർഫോഴ്സിൽ വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി തീയണച്ച ശേഷം ഉദ്യോഗസ്ഥർ തിരികെ സ്റ്റേഷനിലെത്തും മുമ്പുതന്നെ പന്ത്രണ്ടുമണിയോടെ പുത്തൂർ ചേരിയിൽ ക്ഷേത്രത്തിനു സമീപം പുല്ലിനും കുറ്റിക്കാടിനും തീ പടർന്നു. രണ്ട് മണിയോടെ അടുത്ത വിളിയുമെത്തി. ഇത്തവണ അമ്പലപ്പുറം സബ് സ്റ്റേഷന് പിൻഭാഗത്തെ കുറ്റിക്കാടിനാണ് തീപിടിച്ചത്. തീ അണച്ചു മടങ്ങിയെത്തിയവർ വിശ്രമിക്കാൻ ഒരുങ്ങിയപ്പോഴേക്കും അമ്പലപ്പുറം സബ് സ്റ്റേഷന്റെ മുൻവശത്ത് വീണ്ടും തീപിടിച്ചതായി ഫോൺ. അപ്പോഴേക്കും സമയം നാലര. ഇനിയൊന്നും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയോടെ ഉദ്യോഗസ്ഥർ വിശ്രമിച്ച് തുടങ്ങിയതോടെ 5.30ന് വെളിയം താന്നിക്കമുക്കിൽ സ്വകാര്യവ്യക്തയുടെ പറമ്പിന് തീപിടിച്ച വാർത്തയെത്തി. ഇതോടെയാണ് ജീവനക്കാർ കുഴഞ്ഞത്. മുൻ ദിവസങ്ങളെക്കാൾ ഉയർന്ന താപനിലയും ശക്തമായ വേനൽക്കാറ്റുമുണ്ടായതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.