v
മണ്ണ് മാഫിയകളെ പൂട്ടാൻ വിജിലൻസിന്റെ പടയോട്ടം

ഉദ്യോഗസ്ഥ​, മാഫിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവുകൾ


കൊല്ലം: വീട് നിർമ്മാണത്തിനായി മണ്ണെടുത്ത് മാറ്റാൻ ലഭിച്ച അനുമതിയുടെ മറവിൽ അനധികൃത ഖനനവും മണ്ണ് മാഫിയ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരാതികൾ ഉയർന്ന പവിത്രേശ്വരം, കുന്നത്തൂർ വില്ലേജ് ഓഫീസുകളുടെ പരിധിയിൽ ഇന്നലെ രാവിലെ മുതൽ വിജിലൻസ് ​ഡിവൈ.എസ്.പി കെ.അശോക് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജിയോളജി വകുപ്പിന്റെ പാസ് ഉപയോഗിച്ച് അനധികൃതമായി ഖനനം നടത്തിയവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. വിജിലൻസ് സി.ഐമാരായ ജി.അജയനാഥ്, അൽജബ്ബാർ, കെ.സുധീഷ്, ആർ.രാജേഷ്,

ചാത്തന്നൂർ സ്‌​പെഷ്യൽ തഹസീദാർ ബി. അനിൽകുമാർ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


പവിത്രേശ്വരം പൊരീക്കലിൽ

ഗുരുതര ക്രമക്കേട്, കേസ്


പവിത്രേശ്വരം പൊരീക്കൽ ആലുംമൂടിന് സമീപം സ്വകാര്യ വസ്​തുവിൽ ഖനനം നടക്കുന്ന ഭാഗത്ത് നടത്തിയ പരിശോധനയിൽ 1200 ടൺ മണ്ണ് അനധികൃതമായി നീക്കം ചെയ്​തതായി കണ്ടെത്തി. ദമ്പതികൾ വീട് വയ്​ക്കുന്നതിനായി പ്രത്യേകം അപേക്ഷകൾ നൽകി അനുമതി വാങ്ങിയാണ് വൻ തോതിൽ മണ്ണ് കടത്തിയത്. പവിത്രേശ്വരം എസ്.എൻ.പുരം ഭാഗത്ത് ഒരേക്കർ വസ്​തുവിൽ നിന്ന് കല്ലുവെട്ടാൻ ജിയോളജി വകുപ്പിൽ നിന്ന് വാങ്ങിയ പെർമിറ്റിന്റെ മറവിൽ കാലാവധി കഴിഞ്ഞും കല്ലുവെട്ടുന്നതായി കണ്ടെത്തി. കല്ലുവെട്ട് യന്ത്രം പിടിച്ചെടുക്കുകയും പുത്തൂർ പൊലീസ് കേസെടുക്കുകയും ചെയ്തു.


കുന്നത്തൂരിലും നിയമ ലംഘനം

കുന്നത്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 16ൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ വീട് വയ്ക്കാനായി ജിയോളജി വകുപ്പിൽ നിന്ന് അനുമതി വാങ്ങി വൻ തോതിൽ മണ്ണെടുത്തതായി കണ്ടെത്തി. പലിടത്തായി 342,461,1200 ടൺ വീതം മണ്ണ് കൂടുതലായി എടുത്തെങ്കിലും വീട് നിർമ്മാണം തുടങ്ങിയിട്ടില്ലെന്ന് ബോധ്യമായി. ഒരു വർഷത്തിനുള്ളിൽ വീട് നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ കടത്തിയ മണ്ണിന്റെ അഞ്ചിരട്ടി റോയൽറ്റി തുക ഉടമകളിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കും.

ജിയോളജി പാസിലെ

തിരിമറിയും തട്ടിപ്പും

ജിയോളജി വകുപ്പിൽ നിന്ന് ലഭിക്കുന്ന പാസിൽ തീയതിയും സമയവും ലോറി നമ്പരും രേഖപ്പെടുത്തിയതിന് മുകളിൽ സുതാര്യമായ സെല്ലോ ടേപ്പ് പതിക്കേണ്ടതാണ്. എന്നാൽ തട്ടിപ്പിന് ലക്ഷ്യമിടുന്നവർ അതുചെയ്യാതെ പാസ് തിരുത്തുകയാണ് പതിവ്.

വീട് വയ്ക്കാൻ പഞ്ചായത്ത് അംഗീകരിച്ച സ്ഥലത്തുനിന്ന് മാത്രമാണ് മണ്ണ് നീക്കം ചെയ്യേണ്ടത്. അല്ലാത്ത സാഹചര്യത്തിൽ അനധികൃതമായി മണ്ണെടുത്തതായി കണക്കാക്കി പെർമിറ്റ് റദ്ദാക്കും. നീക്കം ചെയ്ത മണ്ണിന്റെ റോയൽറ്റി തുകയുടെ അഞ്ചിരട്ടി ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും. രാവിലെ 8 മുതൽ വൈകിട്ട് 6വരെ മാത്രമേ ഖനനം നടത്താൻ പാടുള്ളൂ.

പ്രധാന പരാതികൾ

1​ കുന്നുകളും ഉയർന്ന പ്രദേശങ്ങളും ഇടിച്ചു നിരത്തി മണ്ണ് കടത്തുന്നു

2​ ഇതുപയോഗിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നു

3​ മണ്ണ് മാഫിയ​യ്ക്ക് ജിയോളജി​, റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു

4​ വീട് വയ്ക്കാൻ എന്ന പേരിൽ മണ്ണെടുക്കാൻ പെർമിറ്റ് വാങ്ങി ഭൂമി ഇടിച്ച് നിരത്തുന്നു

5​ റോഡ് നിർമ്മാണത്തിനെന്ന പേരിൽ മണ്ണ് എടുക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സമ്മതപത്രം നൽകുന്നു.

6​ നിയമവിരുദ്ധമായ ഈ സർട്ടിഫിക്കറ്റിന്റെ മറവിൽ നിയന്ത്രണമില്ലാതെ മണ്ണ് കടത്തുന്നു

7​ മണ്ണ് കടത്തുന്ന വാഹനത്തിൽ എൻ.എച്ച് വർക്ക്, പി.ഡബ്ലു.ഡി വർക്ക് എന്നൊക്കെ എഴുതി വയ്ക്കുന്നു. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു

8​ മാഫിയാ സംഘങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നു