കൊല്ലം: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന മൂന്നു കിലോ ഗ്രാം സ്വർണം ആറ്റിങ്ങലിൽനിന്ന് കരുനാഗപ്പള്ളിയിലെ ജി. എസ്. ടി ഇന്റലിജൻസ് മൊബൈൽ സ്ക്വാഡ് പിടികൂടി.
ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് കൊല്ലം ജില്ലയിലെ വിവിധ ജുവലറികൾക്ക് കൈമാറാൻ കൊണ്ടുവരവേ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് സ്വർണവുമായി ആന്ധ്ര സ്വദേശികളായ രണ്ടുപേർ പിടിയിലായത്.
നികുതിയും പിഴയും ചേർത്ത് 6.5 ലക്ഷം രൂപ ഈടാക്കിയശേഷം ഒന്നേകാൽ കോടി രൂപ വിലവരുന്ന ആഭരണങ്ങൾ ഉടമകൾക്ക് തിരിച്ചുനൽകി. ആന്ധ്രയിൽ മാത്രം സ്വർണ വ്യാപാരം നടത്താനുള്ള ലൈസൻസാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.
ജി. എസ്. ടി മൊബൈൽ സ്ക്വാഡ് കരുനാഗപ്പള്ളി സ്റ്റേറ്റ് ടാക്സ് ഓഫീസർ എസ്. രാജീവ്, അസി. ടാക്സ് ഓഫീസർമാരായ എ. ആർ. ഷമീംരാജ്, ബി.രാജേഷ്, എസ്. രാജേഷ് കുമാർ, ബി.രാജീവ്, ടി. രതീഷ്, വി. രജ്ഞിനി, ഇ. ആർ. സോനാജി, പി. ശ്രീകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ അഞ്ചേകാൽ കോടിയുടെ സ്വർണാഭരണങ്ങൾ ഈ സ്ക്വാഡ് പിടികൂടി 31 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്.