പുനലൂർ: എസ്.എൻ.ഡി.പിയോഗം 2197-ാം നമ്പർ ആർ.ശങ്കർ സ്മാരക ഇളമ്പൽ ശാഖയിൽ നിർമ്മിച്ച ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള ഗുരുദേവ പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പ് നൽകി. ശാഖാ സെക്രട്ടറി എൻ.വി. ബിനുരാജിന്റെ നേതൃത്വത്തിൽ അലങ്കരിച്ച വാഹനത്തിൽ ഗുരുദേവവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാവിലെ 11ന് ശിവഗിരിയിൽ നിന്ന് പുറപ്പെട്ടു.
പാരിപ്പള്ളി, ആയൂർ, അഞ്ചൽ, കുരുവിക്കോണം, കരവാളൂർ, ചുടുകട്ട തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ഘോഷയാത്ര വൈകിട്ട് 6.30ന് പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ എത്തി.തുടർന്ന് നടന്ന സ്വീകരണ യോഗം യൂണിയൻ പ്രസിഡന്റ് ടി. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, കൗൺസിലർ എസ്. സദാനന്ദൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര രാത്രി 7.30ഓടെ ഇളമ്പൽ ജംഗ്ഷനിൽ എത്തിച്ചേർന്നു.
ശാഖാ രക്ഷാധികാരി ജി. വിജയകുമാർ, പ്രസിഡന്റ് എൻ. സോമസുന്ദരം, വൈസ് പ്രസിഡന്റ് ജി. സുരേഷ്കുമാർ, യൂണിയൻ പ്രതിനിധി ജി. രാജൻ, ബി. അജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ശാഖാ പ്രർത്തകർ, വനിതാസംഘം, കുമാരിസംഘം തുടങ്ങിയവയുടെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ച് ഗുരുക്ഷേത്രത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ വിഗ്രഹം എത്തിച്ചു. തുടർന്ന് വിവിധ പൂജകൾ നടന്നു.
നാളെ രാവിലെ 8.30ന് ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദയുടെയും, എസ്. ശ്യാംകുമാർ തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാ കർമ്മം നടക്കും. വൈകിട്ട് 3ന് നടക്കുന്ന ഗുരുക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു തുടങ്ങിയവർ സംസാരിക്കും. രാത്രി 7ന് അനു നന്ദ് അവതരിപ്പിക്കുന്ന മാന്ത്രിക സംഗീത വിരുന്നും നടക്കും.