anchal-1

അഞ്ചൽ: ആറ് ദിവസം മുമ്പ് ഉയർന്ന നിലവാരത്തിൽ പണി പൂർത്തിയാക്കിയ ഏരൂർ - അയിലറ റോഡ് വൈദ്യുതി വകുപ്പ് കുത്തിപ്പൊളിച്ചു. കെ.എസ്.ഇ.ബി അധികൃതരും പോസ്റ്റ്‌ മാറ്റാൻ കരാറെടുത്തവരുമാണ്

നവീകരണം തീർന്നയുടൻ റോഡിന് പണികൊടുത്തത്. റോഡരികിൽ നിന്ന പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഏരൂർ - ഇടമൺ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഏരൂർ മുതൽ അയിലറ വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗം കഴിഞ്ഞ ആഴ്ച അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് വീതികൂട്ടി ടാർ ചെയ്തത്. വീതികൂട്ടാനായി മെറ്റലിട്ടപ്പോൾ തന്നെ പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ റോഡിനകത്തായി. പണി കഴിഞ്ഞ് റോഡ് മാർക്കിംഗും പൂർത്തിയായോടെ കെ.എസ്.ഇ.ബി അധികൃതരും പോസ്റ്റ്‌ മാറ്റാൻ കരാറെടുത്തവരും പാഞ്ഞെത്തി റോഡ് കുഴിച്ച് പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുകയായിരുന്നു.

നിരവധി പോസ്റ്റുകൾ റോഡിനുള്ളിൽ

പോസ്റ്റുകൾ മാറ്റാനായി റോഡ് കോൺട്രാക്ടർ കെ.എസ്.ഇ.ബിക്ക് പണം അടച്ചിട്ടുണ്ടെന്നും ടാറിംഗിന് മുൻപ് അവ മാറ്റി സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയായപ്പോഴും പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ല. അപ്പോഴും രണ്ടാംഘട്ട ടാറിംഗിന് മുൻപ് കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. അതും നടന്നില്ല. അവസാനഘട്ട ടാറിംഗ് പൂർത്തിയായപ്പോൾ നിരവധി പോസ്റ്റുകൾ റോഡിന്റെ ഉള്ളിലായ അവസ്ഥയിലാണ്.

മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും

റോഡിലുള്ള എല്ലാ പോസ്റ്റുകളും മാറ്റിസ്ഥാപിച്ചിട്ടില്ല. ഇതിൽ കെ.എസ്.ഇ.ബി കാണിക്കുന്ന അനാസ്ഥ മലയോര ഹൈവേയുടെ നിർമ്മാണത്തിലും കാണാം. പോസ്റ്റുകളുടെ നിര അനുസരിച്ചാണ് പലയിടത്തും റോഡിന്റെ വളവും തിരിവുമെല്ലാം. ചില പോസ്റ്റുകൾ ഒഴിവാക്കാനായി റോഡ് വീതികുറച്ച് വഴിമാറ്റിപ്പണിയുന്നതും കാണാം. ഈ വിഷയം പ്രദേശവാസികൂടിയായ മന്ത്രി കെ. രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തും

നാട്ടുകാർ