naushad
നൗഷാദ്

കൊട്ടിയം: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരവിപുരം വാളത്തുംഗൽ ചിറവയൽ പെരുമനത്തൊടി വീട്ടിൽ നൗഷാദാണ് (44) ചാത്തന്നൂർ എക്സൈസിന്റെ പിടിയിലായത്. കണ്ണനല്ലൂർ ഇടപ്പാം തോടിന് സമീപത്തു വെച്ച് 2 കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികളും കോളേജ്, സ്കൂൾ വിദ്യാർത്ഥികളുമായിരുന്നു ഇയാളുടെ പ്രധാന കസ്റ്റമേഴ്സ്. മയക്കുമരുന്ന് കേസിൽ നിരവധി തവണ പ്രതിയായി ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഡിണ്ടുഗലിൽ നിന്ന് കഞ്ചാവ് വാങ്ങി ബസിലും ട്രെയിനിലുമായി കൊല്ലത്ത് എത്തിച്ചു കൊടുക്കുന്നതിനും പ്രത്യേകം ആൾക്കാൾ ഇയാളോടൊപ്പം ഉണ്ട്. വീട് വാടകയ്ക്ക് എടുത്ത് ഒളിച്ച് താമസിച്ചാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ നിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ ദിനേശ്, ജോൺ, അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, ഷെഹിൻ, ബിജോയി, ബിനുലാൽ, സന്ദീപ്, ശാലിനി, ബിന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.