പരവൂർ: ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കവേ നിയന്ത്രണം തെറ്റി സ്കൂട്ടറുമായി കനാലിലേക്ക് വീണ് യുവതിക്ക് നിസാര പരിക്കേറ്റു. പോളച്ചിറ സ്വദേശിനിയായ യുവതിക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയാണ് സംഭവം. നെടുങ്ങോലം ഹൈസ്കൂളിന് സമീപത്തെ കനാലിന് അരികിലൂടെയുള്ള വഴിയിലൂടെ സഞ്ചരിക്കവേ നിയന്ത്രണം തെറ്റി സ്കൂട്ടറിനൊപ്പം യുവതി ആഴമേറിയ കനാലിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് സമീപവാസികൾ ചേർന്ന് യുവതിയെ പിടിച്ചുകയറ്റി.
നിരവധി ഇരുചക്ര വാഹനങ്ങളും സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഈ വഴിയിലൂടെ ദിവസേന സഞ്ചരിക്കുന്നുണ്ട്. എന്നാൽ പാർശ്വഭിത്തി ഇല്ലാത്തതിനാൽ ഇവിടെ അപകടസാധ്യത വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.