പരവൂർ: കുട്ടൂർ പാലം - കായലഴികം ക്ഷേത്രം റോഡിലൂടെ നാട്ടുകാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. റോഡിന്റെ ഒരുവശത്ത് കൂടിയാണ് മണിയംകുളം തോട് ഒഴുകുന്നത്. ഇടുങ്ങിയ റോഡായതിനാലും തോടിനോട് ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി ഇല്ലാത്തതിനാലും കാലൊന്ന് തെറ്റിയാൽ ആഴമേറിയ തോട്ടിലേക്ക് വീഴും. സമാനമായ സ്ഥിതിയാണ് വാഹനയാത്രികർക്കും, നിയന്ത്രണം വിട്ടാൽ വാഹനമുൾപ്പെടെ തോട്ടിലേക്ക് പതിച്ചതുതന്നെ.
വശങ്ങൾ ഇടിയുന്നു
സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ മഴക്കാലത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴുകയാണ്. 400 മീറ്റർ നീളമുള്ള റോഡിൽ തോടിനോട് ചേർന്ന ഭാഗത്തെല്ലാം കാടുപിടിച്ച് കിടക്കുന്നതിനാൽ റോഡിന് വീതിയും കുറവാണ്. എതിരെ വാഹനം വന്നാൽ കാൽനടയാത്രികർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനോടകം നിരവധി അപകടങ്ങൾ ഇവിടെ നടന്നുകഴിഞ്ഞു. പലപ്പോഴും ഭാഗ്യവശാലാണ് പലരും രക്ഷപ്പെട്ടത്.
അധികൃതർ കാണുന്നില്ലേ ?
വർഷങ്ങൾക്ക് മുമ്പാണ് കുട്ടൂർ പാലം - കായലഴികം ക്ഷേത്രം റോഡ് ടാറിംഗ് നടത്തി പുനർനിർമ്മിച്ചത്. എന്നാൽ തോടിനോട് ചേർന്ന് സംരക്ഷണഭിത്തി കെട്ടാൻ അധികൃതർ മെനക്കെട്ടില്ല. ഇന്ന് റോഡിന്റെ പലയിടങ്ങളിലും ടാറിന്റെ അംശം പോലും കാണാനില്ല. ശക്തമായ മഴയിൽ പല ഭാഗങ്ങളും ചാലുകളായി മാറി. കൂനിന്മേൽ കുരു പോലെ പരിസരവാസികൾ വലിച്ചെറിയുന്ന മാലിന്യം കൂമ്പാരമായി ദുർഗന്ധം വമിക്കുന്നതിനാൽ മൂക്ക് പൊത്താതെ സഞ്ചരിക്കാനും കഴിയില്ല.
കായലഴികം ഭദ്രാദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരും വിദ്യാർത്ഥികളും ഉൾപ്പെടെ ദിവസേന നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കണമെന്നും ടാറിംഗ് നടത്തി പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പരാതിയുമായി അധികൃതരെ പലതവണ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന ആരോപണമുണ്ട്. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.
കുട്ടികളും സ്ത്രീകളുമുൾപ്പെടെ കായലഴികം ദേവീക്ഷേത്രത്തിൽ ദർശനത്തിനായി നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. കാലൊന്ന് തെറ്റിയാൽ തോട്ടിൽ വീണതുതന്നെ. കഴിഞ്ഞ മാസം നിയന്ത്രണം വിട്ട് ബൈക്ക് യാത്രികൻ തോട്ടിലേക്ക് മറിഞ്ഞെങ്കിലും ഭാഗ്യവശാൽ വശത്തെ ഇഞ്ചപുൽക്കാട്ടിൽ കുടുങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
കെ. ശ്രീധരൻ (നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം)