നഷ്ടമുണ്ടാകുമെന്ന് കരാറുകാരൻ
കൊല്ലം: മൺറോതുരുത്തിനെയും പെരുങ്ങാലം തുരുത്തിനെയും ബന്ധിപ്പിക്കുന്ന കൊന്നേൽക്കടവ് പാലത്തിന്റെ നിർമ്മാണം കരാറുകാരൻ ഉപേക്ഷിക്കാനൊരുങ്ങുന്നു. നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കരാറുകാരന്റെ നീക്കം. കഴിഞ്ഞ ഒന്നേകാൽ വർഷമായി പാലത്തിന്റെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.
2018 ആഗസ്റ്റിലാണ് പാലം നിർമ്മാണത്തിന്റെ കരാറൊപ്പിട്ടത്. അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിനായി ആദ്യഘട്ടത്തിൽ തന്നെ മാസങ്ങൾ നഷ്ടമായി. പിന്നീടാണ് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നത്. വലിയ ലോറികളിൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തത്.
എന്നാൽ റെയിൽവേ പാളം കടന്ന് വേണം ലോറികൾ കൊന്നേക്കടവിലേക്കെത്താൻ. നിശ്ചിത ഭാരത്തിന് മുകളിലുള്ള ലോറികൾ കടന്നുപോകുന്നതിനുള്ള അനുമതി റെയിൽവേ നിഷേധിച്ചതോടെ നിർമ്മാണം മുടങ്ങി. ചെറിയ ലോറികളിൽ നിർമ്മാണ വസ്തുക്കൾ കൊണ്ടുവന്നാൽ തനിക്ക് ഭീമമായ നഷ്ടം സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാരൻ പിൻവാങ്ങാനൊരുങ്ങുന്നത്.
വർഷങ്ങളുടെ സ്വപ്നം
പെരുങ്ങാലത്തുകാർ കാലങ്ങളായി കൊന്നേക്കടവിൽ നിന്നുള്ള പാലം സ്വപ്നം കണ്ടിരിക്കുകയാണ്. മൺറോതുരുത്ത് പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഗവ.എച്ച്.എസ്.എസ് സ്ഥിതി ചെയ്യുന്നത് പെരുങ്ങാലം തുരുത്തിലാണ്. ഏകദേശം 300 കുടുംബങ്ങൾ പെരുങ്ങാലത്ത് താമസിക്കുന്നുണ്ട്. സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പെരുങ്ങാലത്തെ താമസക്കാർക്കും കടത്ത് മാത്രമാണ് ഏക ആശ്രയം. പട്ടംതുരുത്ത്, കൊന്നേക്കടവ്, കിടപ്രം, അരിനല്ലൂർ എന്നിവിടങ്ങളിൽ നിന്ന് പെരുങ്ങാലത്തേക്ക് കടത്തുണ്ട്. പക്ഷേ രാത്രികാലങ്ങളിൽ പട്ടംതുരുത്ത്, കിടപ്രം എന്നിവിടങ്ങളിൽ മാത്രമാണ് കടത്തുള്ളത്. ഏതെങ്കിലും ഒരു ദിവസം കടത്തുകാരൻ എത്തിയില്ലെങ്കിൽ ആ പ്രദേശത്തുകാർ അന്ന് വട്ടംചുറ്റും.
ജനപ്രതിനിധികൾക്ക് നിസംഗത
പാലം നിർമ്മാണം മുടങ്ങിയിട്ട് ഒന്നേകാൽ വർഷമായിട്ടും ജനപ്രതിനിധികളാരും ഇതുവരെ ഇടപെട്ടിട്ടില്ല.
'' കരാറുകാരനുമായി പലതവണ ചർച്ച നടത്തി. നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ് "
ശ്രീജ (പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ)
കൊന്നേക്കടവ് പാലം
ചെലവ്: 26.22 കോടി
നീളം: 175 മീറ്റർ
വീതി: 11 മീറ്റർ
ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത