madhya

രു കുഞ്ഞ് ജനിച്ചു വീഴുന്നത് കാണാൻ കഴിഞ്ഞ 400 വർഷമായി ഭാഗ്യമില്ലാത്ത ഒരു ഗ്രാമം. ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീ ഗർഭിണിയായാൽ പ്രസവിക്കാൻ ഗ്രാമാതിർത്തി കടന്നു പോകണം. ഗ്രാമത്തിനുള്ളിൽ പ്രസവിക്കുന്നത് ദുരന്തം വിളിച്ചുവരുത്തുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. മദ്ധ്യപ്രദേശിലെ രാജ്ഗർ ജില്ലയിലുള്ള സങ്ക ശ്യാം ജി ഗ്രാമത്തിലാണ് അപൂർവമായ ഈ ആചാരം. ഗ്രാമത്തിനു മേൽ നിലനിൽക്കുന്ന ദൈവ ശാപമാണ് ഈ ആചാരത്തിന് പിന്നിലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. 16ാം നൂറ്റാണ്ടു മുതൽ ഒരു സ്ത്രീ പോലും ഈ ഗ്രാമത്തിൽ പ്രസവിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീ ഗ്രാമത്തിനുള്ളിൽ പ്രസവിച്ചാൽ ജനിക്കുന്ന കുട്ടി അംഗവൈകല്യമുള്ളവരായി മാറുകയോ, അമ്മയോ കുഞ്ഞോ മരണപ്പെടുകയോ ചെയ്യുമെന്നാണ് ഗ്രാമവാസികൾ ഭയപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഗ്രാമത്തിനുള്ളിൽ അമ്പലം പണിയാനായി ദൈവങ്ങൾ എത്തിയത്രേ. അപ്പോൾ ഒരു സ്ത്രീ ഗോതമ്പ് പൊടിക്കുകയായിരുന്നു. ഇതുകാരണം ശ്രദ്ധ മാറിയ ദൈവങ്ങൾ ദേഷ്യത്തിൽ ഗ്രാമത്തെ ശപിച്ചു. ഈ ഗ്രാമത്തിൽ ഒരു കുട്ടിയും ജനിക്കില്ല എന്നായിരുന്നു ശാപം. അതിന് ശേഷം ഗർഭിണിയായ സ്ത്രീകളെയെല്ലാം പ്രസവസമയം അടുക്കുമ്പോൾ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോകും. ഇതിനായി മാത്രം ഗ്രാമത്തിന് പുറത്ത് ഒരു മുറി തന്നെ നിർമിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രാമത്തിലെ 90 ശതമാനം പ്രസവവും നടക്കുന്നത് ആശുപത്രികളിൽ വച്ചാണ്. ഏതെങ്കിലും രീതിയിലുള്ള എമർജൻസിയുണ്ടാവുകയാണെങ്കിൽ ഗ്രാമാതിർത്തിക്ക് പുറത്തുകൊണ്ടുപോയി പ്രസവം നടത്തുമെന്നാണ് ഗ്രാമമുഖ്യനായ നരേന്ദ്ര ഗുർജർ പറയുന്നത്.