കരുനാഗപ്പള്ളി: കുടിവെള്ളവും വെളിച്ചവും വഴിയുമില്ലാതെ സുനാമി പുനരധിവാസ കോളനികളിലെ ജനങ്ങൾ വലയുന്നു. കുലശേഖരപുരം 21-ാം വാർഡിൽ താമസിക്കുന്ന സാന്ത്വൻ സുനാമി പുനരധിവാസ കോളനിയിലെ ജനങ്ങളാണ് തീരാദുരിതം അനുഭവിക്കുന്നത്. 2004 ൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന് 3000 ത്തോളം കുടുംബങ്ങളെയാണ് ഇവിടെ നിന്ന് സർക്കാർ മാറ്റിപ്പാർപ്പിച്ചത്. ക്ലാപ്പന, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ സർക്കാർ സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകളാണ് ഭൂരിപക്ഷം വീടുകളും നിർമ്മിച്ചു നൽകിയത്. മിക്ക സുനാമി കോളനികളും ചതുപ്പ് പ്രദേശങ്ങളിലാണ് നിർമ്മിച്ചത്. സാന്ത്വൻ കോളനികളിലെ കുടുംബങ്ങൾ ആലപ്പാട്ട് പണ്ടാരതുരുത്ത്, കുഴിത്തുറ എന്നിവിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കപ്പെട്ടവരാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങിയിട്ട് 12 വർഷങ്ങളായി. ഇവർ താമസിക്കുന്ന വീടുകളുടെ ഭിത്തിയിൽ വിള്ളലുകൾ വീണു തുടങ്ങിയിട്ടുണ്ട്. കതകുകളും ജന്നലുകളും ജീർണിച്ച് തുടങ്ങി. മഴ പെയ്താൽ വെള്ളം വീടിനുള്ളിൽ വീഴുന്ന സ്ഥിതിയാണ്.
കോളിനി നിവാസികൾ പറയുന്നു.....
നിലവിൽ താമസിക്കുന്നിടത്ത് വഴിയില്ല. വീട് നിർമ്മിച്ചപ്പോൾ വെട്ടിയ ഒരു നടപ്പാതയിലൂടെ വേണം യാത്രചെയ്യാൻ. ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും മാത്രമാണ് ഇതിലേ കടന്ന് വരുന്നത്. കോളനിക്കുള്ളിലെ ഒരു തെരുവ് വിളക്കുപോലും കത്താറില്ല. ഒന്നും രണ്ടും ദിവസം കഴിയുമ്പോഴാണ് പൈപ്പ് ലൈനിലൂടെ കുടിവെള്ളം വരുന്നത്. വീട്ടിലെ ആവശ്യങ്ങൾക്ക് ഇതു തികയാറുമില്ല. അയൽ വീടുകളിലെ കിണറുകളിൽ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. സുനാമി പുനരധിവാസ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകൾ പദ്ധതി തയ്യാറാക്കണം
സുനാമി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. ജീർണിച്ച വീടുകൾ പുനരുദ്ധരിക്കുന്നതിന് സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കണം. കുടിവെള്ളം കൃത്യമായി നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യണം. തെരുവ് വിളക്കുകൾ കത്തിക്കണം. കോളനിക്കുള്ളിൽ ഗ്രാമ പഞ്ചായത് കിണർ നിർമ്മിക്കണം.
സജീവ് എം. കരിച്ചാലിൽ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ആദിനാട് തെക്ക് 185-ം നമ്പർ ശാഖ
2004 ൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന് 3000 ത്തോളം കുടുംബങ്ങളെയാണ് ഇവിടെ നിന്ന് സർക്കാർ മാറ്റിപ്പാർപ്പിച്ചത്.
ക്ലാപ്പന, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ സർക്കാർ സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകളാണ് ഭൂരിപക്ഷം വീടുകളും നിർമ്മിച്ചു നൽകിയത്.
ആലപ്പാട്ടുകാരായ ഞങ്ങൾക്ക് ഇപ്പോഴും ഇവിടുത്തെ ഗ്രാമ പഞ്ചായത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാറില്ല. ആലപ്പാട്ട് നിന്നും താമസം മാറിയത്തിനാൽ അവിടെ നിന്നും ജനകീയ ആസൂത്രണത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ചെകുത്താനും കടലിനും ഇടയിൽ പെട്ടതുപോലെയാണ് ഞങ്ങളുടെ ജീവിതം
രാജഗോപാൽ , കോളനി നിവാസി