കൊല്ലം: മണലാരണ്യത്തിൽ ഭർത്താവ് കുടുംബം പോറ്റാൻ കഷ്ടപ്പെടുമ്പോൾ കാമുകനോട് കൂടുതൽ അടുക്കുകയായിരുന്നു കുളത്തൂപ്പുഴ സ്വദേശിനിയായ ഇരുപത്തഞ്ചുകാരി. അവർ ഒന്നിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി. ജീവിതത്തിൽ എല്ലാത്തിലും വലുത് തന്റെ സലീം ഇക്കയാണെന്ന് അവൾ കൂട്ടുകാരോടൊക്കെ പറഞ്ഞു. കുടുംബ വീട്ടിൽ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി. ഭർത്താവ് നാട്ടിലെത്തിയപ്പോൾ വീട്ടിലെ ബുദ്ധിമുട്ടുകൾ എണ്ണിയെണ്ണിപ്പറഞ്ഞു. ഭാര്യയോട് അമിത വിശ്വാസമുണ്ടായിരുന്ന യുവാവ് പറഞ്ഞതൊക്കെ സത്യമെന്ന് കരുതി കുടുംബവീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് മാറി. ഈ മാറ്റം സ്വസ്ഥ ജീവിതത്തിന് ഉപകരിക്കുമെങ്കിൽ അങ്ങനെയാകട്ടേയെന്ന് ആ പ്രവാസി കരുതി. വാടക വീടെടുത്തു. അവിടെ വളരെ കുറച്ച് ദിവസങ്ങൾ ഒന്നിച്ച് കഴിഞ്ഞശേഷം ഭർത്താവ് വിദേശത്തേക്ക് തിരികെ പോയി.
വാടക വീട്ടിലിരുന്ന് കണ്ണെറിഞ്ഞു
വാടക വീടിന്റെ എതിർവശത്താണ് സലീമിന്റെ (32) കട. കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങൾ വിൽക്കുന്ന കടയാണിത്. ഒരിക്കൽ കടയിൽ നിന്ന് രുചിവിഭവങ്ങൾ വാങ്ങിയ ദിനത്തിൽ മൊട്ടിട്ടതാണ് പ്രണയം. വാടക വീട്ടിലിരുന്ന് കടയിലേക്ക് നോക്കി ഇരുവരും പകൽ കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞു. സന്ധ്യമയങ്ങുമ്പോൾ കഥപറച്ചിൽ വാടക വീടിനകത്തേക്കും കടന്നു. സലീമിനൊപ്പമുള്ള നിമിഷങ്ങൾക്കിടെ ഇടയ്ക്ക് രണ്ടുതവണ സ്വന്തം പിതാവ് വീട്ടിലെത്തിയിരുന്നു. എന്നിട്ടും ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുവരും തീരുമാനിച്ചത്.
അപ്രതീക്ഷിത വീഡിയോ കാൾ
യുവതിയും സലീമും തമ്മിലുള്ള ബന്ധമൊന്നും വിദേശത്തുള്ള ഭർത്താവ് അറിഞ്ഞിരുന്നില്ല. ചിലർ സൂചന നൽകിയപ്പോഴും സൗഹൃദ ബന്ധമായിരിക്കുമെന്ന് പ്രവാസി സ്വയം വിശ്വസിപ്പിച്ചു. ഒരാഴ്ച മുൻപ് അപ്രതീക്ഷിതമായിട്ടാണ് യുവതി ഭർത്താവിന് വീഡിയോകാൾ ചെയ്യുന്നത്. സാധാരണ വിളിക്കുന്ന സമയമല്ല. എന്നാലും ഭാര്യയോട് സംസാരിക്കാനുള്ള ആഗ്രഹത്തിൽ പ്രവാസി ഫോണെടുത്തു. വർത്തമാനം തുടങ്ങിയപ്പോഴേ അവൾ പറഞ്ഞു 'ചേട്ടൻ എന്നോട് ക്ഷമിക്കണം, ഞാൻ സലീമിക്കയുടെ ഒപ്പം പോവുകയാണ് ". ഞെട്ടലോടെയാണ് ഭർത്താവ് ആ വാക്കുകൾ കേട്ടത്. ബാക്കി പറയും മുൻപെ ഫോൺ കട്ടായി. പിന്നെ പലതവണ വിളിച്ചപ്പോഴും ഫോൺ സ്വിച്ച് ഒഫ് ആയിരുന്നു. അന്നുതന്നെ ഇരുവരും ഒളിച്ചോടി.
വണ്ടിയിൽ സ്ഥലംവിട്ടു, ആഡംബര ഹോട്ടലിൽ തങ്ങി
സലീം സ്വന്തം ബൊലേറ വണ്ടിയുമായി വാടക വീടിനടുത്തെത്തി. സാരിയും ചുരിദാറും ആഭരണങ്ങളുമടക്കമെടുത്ത് യുവതി വാടക വീട്ടിൽ നിന്നുമിറങ്ങി. നേരെ പോയത് റോസ് മലയിലേക്ക്. അവിടെ രാത്രി തങ്ങിയ ശേഷമാണ് സുരക്ഷിതമല്ലെന്ന തോന്നലിൽ ആലപ്പുഴയിലേക്ക് വണ്ടിവിട്ടത്. കുളത്തൂപ്പുഴയിലെ കട നിറുത്തിയതിന് നേരത്തേ നൽകിയ ഡെപ്പോസിറ്റ് തുക സലീമിന് തിരികെ ലഭിച്ചിരുന്നു. രണ്ട് ദിവസം മുൻപ് കിട്ടിയ ഈ തുകയും കൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്.
കാറും മറ്റ് ജീവിത സാഹചര്യങ്ങളും ഉണ്ടെങ്കിലും വലിയ സാമ്പത്തിക ബാദ്ധ്യതകളും സലീമിനുണ്ട്. സർവീസ് സഹകരണ ബാങ്കിൽ മാത്രം ആറര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഇതെല്ലാം കാമുകിയോട് മറച്ചുവച്ചായിരുന്നു ഒളിച്ചോട്ടം.
യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ പിതാവ് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ആഡംബര റിസോർട്ടിൽ ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചത്. കുടുങ്ങുമെന് ഉറപ്പായപ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്ന് ഇരുവരും പൊലീസിന് ഉറപ്പ് നൽകി. അങ്ങനെ ഇരുവരും കുളത്തൂപ്പുഴ സ്റ്റേഷനിലെത്തി.
കാത്തിരുന്നത് ജയിൽ
അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കുളത്തൂപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രേരണാ കുറ്റത്തിന് സലീമിനെതിരെയും. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജീവിതത്തിൽ കണ്ട സ്വപ്നങ്ങളൊക്കെ വെറുതെയായ ദുഃഖത്തോടെ വിദേശത്ത് നിന്ന് യുവാവ് നാട്ടിലെത്തി മക്കളെ ഏറ്റെടുത്തു.