thalayinakkavu
തലയണക്കാവിൽ റെയിൽവേ ഉദ്യോഗസ്ഥർ അടി പാത നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ വിലയിരുത്തുന്നു

പടിഞ്ഞാറേക്കല്ലട: പടി. കല്ലട പഞ്ചായത്ത് നിവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ കോതപുരം - തലയിണക്കാവ് റെയിൽവേ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിർമ്മാണ സാമഗ്രികൾ ഇറക്കിയിട്ടിരുന്ന കാടുപിടിച്ച സ്ഥലം ലെവലിംഗ് ജോലികൾക്കായി ജെ.സി.ബി ഉപയോഗിച്ച് കഴിഞ്ഞദിവസം വൃത്തിയാക്കി. റെയിൽവേ ഡിവിഷനൽ എൻജിനിയർ ശ്രീകുമാർ, അസിസ്റ്റന്റ് ഡിവിഷണൽ എൻജിനിയർ ശ്രീധർ, സീനിയർ സെക്ഷൻ എൻജിനിയർ ഷാജി ജോർജ്, സിഗ്നൽ വിഭാഗം എൻജിനിയർ എൽ. ദിലീപ്, സെക്ഷൻ എൻജിനിയർ ശ്രീകാന്ത്, റെയിൽവേ കോൺട്രാക്ടർ സി.എക്സ്. വർഗീസ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

അടിപ്പാത നിർമ്മാണത്തിനുള്ള തുക ലഭിക്കാനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കൊടിക്കുന്നിൽ സുരേഷ് എം.പിയോട് ആവശ്യപ്പെടും.

പി. രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി

കേന്ദ്ര ഫണ്ട് വേഗത്തിൽ ലഭിച്ചാൽ മാത്രമേ പണി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കൂ

റെയിൽവേ കോൺട്രാക്ടർ സി. എക്സ്. വർഗീസ്

2 അടിപ്പാതകൾ

കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ രണ്ട് അടിപ്പാതകൾ ആയിരുന്നു റെയിൽവേ ടെൻഡർ ചെയ്തിരുന്നത്. പെരിനാട് അടിപ്പാത 2 വർഷം മുമ്പും തലയിണക്കാവ് അടിപ്പാത നാലുവർഷം മുമ്പുമാണ് ടെൻഡർ ചെയ്തത്. രണ്ടുവർഷം മുമ്പ് ടെൻഡർ ചെയ്ത പെരിനാട് അടിപ്പാതയുടെ നിർമ്മാണം ഈ മാസം ഒടുവിൽ പൂർത്തിയാകും. ഇവിടുത്തെ അടിപ്പാതയുടെ നിർമ്മാണം പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. പണി ആരംഭിച്ചു കഴിഞ്ഞാൽ മൂന്നു മാസത്തിനകം പൂർത്തീകരിക്കാൻ കഴിയും. ഏകദേശം രണ്ടര കോടിയോളം രൂപ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന അടിപ്പാതയ്ക്ക് ആയിരം രൂപയാണ് കേന്ദ്ര സർക്കാരിൽ നിന്ന് റെയിൽവേയ്ക്ക് അനുവദിച്ചത്.