pp

കൊട്ടാരക്കര: വേനൽ കടുത്തതോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ശക്തമായ ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി. വാഴ, പച്ചക്കറി, കുരുമുളക്, വെറ്റില കർഷകരാണ് പ്രതിസന്ധിയിലായത്.

ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും നീരുറവകളും കുളങ്ങളും തോടുകളും വറ്റിവരണ്ടു തുടങ്ങി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വേനൽ വിശ്വരൂപം കാണിക്കുന്നതെങ്കിൽ ഇത്തവണ ഫെബ്രുവരി ആദ്യവാരം തന്നെ ജനം കുടിവെള്ളത്താനായി നെട്ടോട്ടമോടുകയാണ്.

എന്നാൽ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. എല്ലാവർഷവും ശുദ്ധജല വിതരണത്തിനും ജലസേചന പദ്ധതികൾക്കുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമാകുന്നില്ല. ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്ത് താൽക്കാലിക പരിഹാരം കാണുകയാണ് പഞ്ചായത്ത്, നഗരസഭാ അധികൃതർ ചെയ്യുന്നത്. ഇതും പൂർണമായിഫലം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.

വറുതിയുടെ നടുവിലായത്...

ആനക്കോട്ടൂർ

ഉഗ്രൻകുന്ന്

നെടുവത്തൂർ

നീലേശ്വരം അമ്പലപ്പുറം

തൃക്കണ്ണമംഗൽ കല്ലുവാതുക്കൽ

.....................................

ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പല ഭാഗത്തും ടാങ്കർ ലോറികളിൽ കൊള്ളവിലയ്ക്ക് കുടിവെള്ളമെത്തിക്കുന്ന മാഫിയാ സംഘങ്ങൾ സജീവമായിട്ടുണ്ട്. ത്രിതല പഞ്ചായത്തും ജന പ്രതിനിധികളും ജനങ്ങളെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണം.

നാട്ടുകാർ