അഞ്ചൽ: കേരളത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഉയർന്നെഴുന്നേൽപ്പിനും ആക്കംകൂട്ടുന്നതിൽ ഗുരുദേവ ദരശനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം
ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ ശാഖയുടെ 28-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ ദർശനങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യ വിപ്ലവമാണ് കേരളത്തിന്റെ ഇന്നത്തെ മാറ്റങ്ങൾക്ക് കാരണം. ഗുരുദേവ ദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാഖാ പ്രസിഡന്റ് ടി.എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഗുരുദേവ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, എ.ഇ.ഒ ജി. ശശിധരൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. മോഹൻകുമാർ, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ, റിട്ട. ഹെഡ്മാസ്റ്റർ എൻ. സഹദേവൻ, വാർഡ് മെമ്പർ അനിലാഷാജി, ഗവ. കോൺട്രാക്ടർ കെ. സോദരൻ, റിട്ട. ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, സി.വി. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ഫാമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷൈജു എസ്. ധരൻ, നഴ്സിംഗ് സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച എൽ. സിന്ധു (മെഡിക്കൽ കോളേജ്, തിരുവനന്തപുരം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശാഖാ സെക്രട്ടറി എസ്. ചന്ദ്രസേനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ. ദാമോദരൻ സ്വാഗതവും യൂണിയൻ പ്രതിനിധി വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.