കൊല്ലം: കൊറോണ വൈറസുമായി ബന്ധപ്പെട്ട ജാഗ്രതാ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പരിഷ്‌കരിച്ചു. ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടവർ മാത്രം കർശനമായ വീട്ട് നിരീക്ഷണത്തിൽ 28 ദിവസം തുടരും. ലോ റിസ്‌ക് വിഭാഗത്തിലുള്ളവർ രോഗലക്ഷണം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽമാത്രം ചികിത്സ തേടണം.
നിരീക്ഷണത്തിൽ ഹോങ്കോംഗ്, യു.എസ്.എ, ജർമ്മനി, യു.കെ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരെക്കൂടി ഉൾപ്പെടുത്തിയതോടെ രാജ്യങ്ങളുടെ എണ്ണം 12 ആയി. ചൈന, കൊറിയ, ജപ്പാൻ, സിങ്കപ്പൂർ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്റ് എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഇവിടങ്ങളിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരും ചികിത്സിച്ചവരും യാത്രയിൽ മൂന്നടി അകലത്തിനുള്ളിൽ ഒപ്പം സഞ്ചരിച്ചവരും ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടും.
190 പേർ 28 ദിവസ നിരീക്ഷണം പൂർത്തിയാക്കി
ഇതുവരെ 190 പേർ 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി പുറത്തു വന്നിട്ടുണ്ട്.
കൊറോണ ഉൾപ്പെടെ വായുവിലൂടെ പകരുന്ന രോഗങ്ങൾക്കെതിരെ കൊല്ലം ടി.ബി സെന്ററിന്റെ നേതൃത്വത്തിൽ തൂവാല വിപ്ലവം - ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യ ജാഗ്രത ട്വന്റി 20യുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന റാലിയിൽ കൊറോണ ബോധവൽക്കരണ സന്ദേശങ്ങൾ ഉൾപ്പെടുത്തും.
..............
28 ദിവസത്തെ വീട്ട് നിരീക്ഷണം പൂർത്തിയാക്കിയവരുമായി അകലം പാലിക്കേണ്ടതില്ല. അവരുമായി സാധാരണപോലെ ഇടപഴകാം.
ഡോ.വി.വി.ഷേർളി
ജില്ലാ മെഡിക്കൽ ഓഫീസർ