c
സൈക്കിൾ

കൊല്ലം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രണ്ടായിരം വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (വ്യാഴം) നടക്കുമെന്ന് കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷേയ്ക്ക് പരീത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡും സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും സംയുക്തമായാണ് ഇതു നൽകുന്നത്.

രാവിലെ പത്തിന് ആശ്രാമം നീലാംബരി ഓപ്പൺ എയർ ഓ‌ഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ എന്നിവർ മുഖ്യാതിഥികളാകും. പെട്രോനെറ്റ് എൽ.എൻ.ജി പ്ലാന്റ് ഹെഡ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, ഷിപ്പിംഗ് ആൻഡ് സി.എസ്.ആർ ജനറൽ മാനേജർ വികാസ് സിംഗ്, എൽ ആൻഡ് ഡി ജനറൽ മാനേജർ ഹേമന്ദ് ബഹ്റ എന്നിവരും പങ്കെടുക്കും.

ഒൻപത് തീരദേശ ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ ഏഴു മുതൽ ഒൻപതു ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്കാണ് സൈക്കിൾ നൽകുന്നത്. ജില്ലയിൽ 463 വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകുമ്പോൾ ആലപ്പുഴ ജില്ലയിൽ 500 പേർക്ക് സൗജന്യ സൈക്കിൾ ലഭിക്കും.

കെ.എസ്.സി.എ.ഡി.സി ജനറൽ മാനേജർ സുരേഷ്, എക്സിക്യൂട്ടീവ് എൻജിനീയർ ഷിനു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

9 തീരദേശ ജില്ലകളിൽ

2000 സൈക്കിളുകൾ

കൊല്ലം :463

ആലപ്പുഴ: 500