ശാസ്താംകോട്ട: പ്രളയകാലത്ത് നൽകിയ അരിക്കും സേവനങ്ങൾക്കുമെല്ലാം പണം വാങ്ങിയും കേരളത്തിന് അർഹമായ നികുതിപ്പണം നൽകാതെയും കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് മുൻ മന്ത്രി എം.എ. ബേബി പറഞ്ഞു. കടപുഴയിൽ ടി. വിനയചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിനയചന്ദ്രൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതയ്ക്കെതിരെയും സാമൂഹിക അസമത്വത്തിനെതിരെയും തൂലിക ചലിപ്പിച്ച കവിയാണ് വിനയചന്ദ്രൻ എന്നും അദ്ദേഹം വ്യക്തമാക്കി. ഡി. വിനയചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കവിതക്കുള്ള രണ്ടാമത് പുരസ്‌കാരം നൗഷാദ് പത്തനാപുരത്തിന് എം.എ. ബേബിയും ശാന്ത കടമ്മനിട്ടയും ചേർന്ന് നൽകി . ഒറ്റമുണ്ട് എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം . സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എ. സിദ്ദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ഡോ സി. ഉണ്ണികൃഷ്ണൻ, ജെ . ശുഭ ,ഡോ . സുരേഷ്‌കുമാർ , ആർ. ചന്ദ്രൻപിള്ള, എം.കെ. വേണുഗോപാൽ, സൂര്യ നാരായണ ഭട്ടതിരി, തങ്കപ്പൻ പിള്ള എന്നിവർ സംസാരിച്ചു. കെ. സുധീർ സ്വാഗതവും ഡി. വേണുഗോപാലപിള്ള നന്ദിയും പറഞ്ഞു.