കൊല്ലം: ചൂട് കൂടിയതോടെ കുറ്റിക്കാടിനും പറമ്പുകളിലും പുല്ലിന് തീപിടിച്ച് അഗ്നിശമനസേനയ്ക്ക് പിടിപ്പത് ജോലി. സ്വഭാവിക തീപിടിത്തത്തിനൊപ്പം വലിച്ചെറിയുന്ന സിഗരറ്റ്, ബീഡി കുറ്റികളിൽ നിന്ന് തീപിടിത്തമുണ്ടാകുന്നതും പതിവായിരിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ചും ചിലർ വീട്ടുവളപ്പിലും വഴിവക്കിലും മാലിന്യവും ചപ്പുചവറുകളും കൂട്ടിയിട്ട് തീയിടുന്നതും അഗ്നിശമനസേനയ്ക്ക് തലവേദനയാകുന്നുണ്ട്.
ഇന്നലെ രാവിലെ 7.20ന് ജില്ലാ ആശുപത്രി റോഡിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എതിർവശത്ത് ഹാർഡ്‌വെയർ വളപ്പിൽ തീപിടിത്തമുണ്ടായി. തടിക്കഷങ്ങൾക്കും വിറകിനുമാണ് തീപിടിച്ചത്. ചാമക്കട അഗ്നിശമന സേന ഓഫീസർ വിക്ടർ വി. ദേവ്, ഓഫീസർ സുഭാഷ് എന്നിവർ നേതൃത്വത്തിൽ തീയണക്കുയായിരുന്നു.
ടൗൺ അതിർത്തിയിൽ എഫ്.സി.ഐ ഗോഡൗണിന് സമീപം പ്രതീക്ഷ നഗറിൽ തെങ്ങിനും കടപ്പാക്കട സി.എസ്.ഐ പള്ളിക്ക് സമീപം പുല്ലിനും തീപിടിച്ചു. പുന്തലത്താഴം പെരുങ്കുളം ഏലായിൽ രണ്ട് ദിവസമായി തീപിടിത്തം സ്ഥിരം സംഭമാണ്. കടപ്പാക്കടയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളും സേനയ്ക്ക് തലവേദനയാകുന്നുണ്ട്. തീ കെടുത്തുമ്പോൾ മറുവശത്ത് തീ പിടിക്കുന്നുവെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണമെന്ന് നാട്ടുകാർ പറയുന്നു.
അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ ഓഫീസർ ഹരീഷ്, ഫയർ ഓഫീസർമാരായ അഭിലാഷ്, ലിജികുമാർ, ഷഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് തീകെടുത്തിയത്.