c
കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന വനിതാ കൺവൻഷൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സുധ സുന്ദരരാമൻ ഉദ്ഘാഘാടനം ചെയ്യുന്നു

കൊല്ലം: കാർഷികമേഖലയിൽ നിർണായക പങ്കുവഹിക്കുന്ന വനിതകളെ അംഗീകരിക്കാത്തത് വിവേചനമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ് സുധ സുന്ദരരാമൻ പറഞ്ഞു. എല്ലാ രംഗത്തും തുല്യത യാഥാർത്ഥ്യമാകണമെങ്കിൽ കർഷക എന്ന പേരിനും അംഗീകാരം വേണം. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കൊല്ലം ടൗൺഹാളിൽ നടന്ന വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
തൊഴിൽമേഖലയിൽ സ്വന്തം അടയാളം എന്നത് അവകാശമാണ്. പുരുഷ കർഷകർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും വനിതാകർഷകരും ചെയ്യുന്നു. എന്നാൽ, കർഷക എന്ന അംഗീകാരം ലഭിക്കുന്നില്ല. ഭുമിയുടെ കൈവശാവകാശത്തിന്റെ കാര്യത്തിൽ സ്ത്രീകൾ ഏറെ പിന്നിലാണ്. 0.9 ശതമാനം മാത്രമാണ് ഇവരുടെ എണ്ണം. ജോലിക്കനുസൃതമായ കൂലിയും അംഗീകാരവും ലഭിക്കുന്നുമില്ല. നെൽപ്പാടങ്ങൾ ചെമ്മീൻ പാടങ്ങൾക്ക് വഴിമാറുമ്പോൾ കാർഷികമേഖല കുത്തകകളുടെ കൈപ്പിടിയിലാകുകയാണെന്നും സുധ സുന്ദരരാമൻ പറഞ്ഞു.
മാലതി, ശാന്തിനി, ശ്രീരഞ്ജിനി എന്നിവരടങ്ങിയ പ്രസീഡിയം കൺവെൻഷൻ നിയന്ത്റിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ സ്വാഗതം പറഞ്ഞു. 'സംയോജിത സംരക്ഷിത അടുക്കളത്തോട്ടം' എന്ന വിഷയത്തിൽ പ്രൊഫ. എസ് സുശീല, ഗൃഹാധിഷ്ഠിത മാലിന്യസംസ്‌കരണം എന്ന വിഷയത്തിൽ രജി രജീഷ് എന്നിവർ സംസാരിച്ചു.
സി.പി.എം. സംസ്ഥാന സെക്രട്ടറിയേ​റ്റ് അംഗം കെ.എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് ക്യഷ്ണൻനായർ, സെക്രട്ടറി കെ.വി രാമക്യഷ്ണൻ, അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ്.കെ പ്രീജ, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം. വിജയകുമാർ, ഓമല്ലൂർ ശങ്കരൻ, ജോർജ് മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.എസ് പ്രസന്നകുമാർ, ജില്ലാ പ്രസിഡന്റ് ബിജു കെ. മാത്യു, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്ന ഏണസ്​റ്റ് എന്നിവർ പങ്കെടുത്തു.