അനീഷിന്റെ ജീവിതത്തിൽ ജീവസുഗന്ധമായി നിറയുകയാണ് ശ്രീജ. തളർന്നുപോയ ശരീരത്തിന് ആ സ്നേഹവും കരുതലും ഊർജ്ജമാകുന്നു. വിവാഹം കഴിഞ്ഞ് അഞ്ചാണ്ട് പിന്നിടുമ്പോഴും സുഗന്ധത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് അനീഷ് പറയുന്നു. ഇല്ലായ്മകളുടെ സങ്കടങ്ങളെ അവഗണിച്ച് എന്നും കൂട്ടിന് ശ്രീജയെന്ന പ്രണയിനിയുണ്ടെന്ന് പറയുമ്പോൾ അനീഷിന്റെ കണ്ണുകളിൽ തിളക്കം.
പുനലൂർ തൊളിക്കോട് അനീഷ് ഭവനിൽ അനീഷിന് (39) ജീവിതം ഒരു പോരാട്ടമാണ്. മനസോടുന്നിടത്തേക്ക് ശരീരമെത്താത്തതിന്റെ വേവലാതികൾ. പക്ഷേ, തോറ്റു കൊടുക്കാൻ അനീഷും ശ്രീജയും തയ്യാറല്ലെന്ന് മാത്രം. പതിനാറാം വയസിലാണ് അനീഷിന്റെ ജീവിതം തകിടംമറിഞ്ഞത്. വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അച്ഛൻ മോഹനന്റെ മൈക്ക് സെറ്റുമായി ആട്ടോയിൽ സഞ്ചരിക്കുമ്പോൾ എതിരെവന്ന ആംബുലൻസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം ജീവൻ തിരികെപിടിച്ച് വീട്ടിലെത്തിയപ്പോൾ ശരീരത്തിന്റെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ഏറെക്കാലത്തിന് ശേഷം ശബ്ദം തിരികെവന്നെങ്കിലും ശരീരം പിണങ്ങിനിന്നു. ആ അവസ്ഥയിൽ കൂട്ടുകാരുടെ സഹായത്തോടെ സേവന വഴികളിലേക്ക് അനീഷ് ഇറങ്ങി. കിടപ്പ് രോഗികൾക്ക് സഹായങ്ങൾ എത്തിച്ചുകൊടുത്തു. വീൽച്ചെയറുകളും നൽകി. ഈ സേവനവഴി കണ്ടാണ് എഴുകോൺ കാരുവേലിൽ ഇടവട്ടം മുകളിൽ വടക്കതിൽ ഓമനക്കുട്ടന്റെയും ലീലയുടെയും മകൾ ശ്രീജ അനീഷിനെ പ്രണയമറിയിച്ചത്. ജാതിയുടെ ചേർച്ചക്കുറവൊക്കെ പ്രണയത്തിന് മുന്നിൽ മാഞ്ഞുപോയി. പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ 2014 മേയ് 30ന് ആയിരുന്നു പ്രണയവിവാഹം.