പുനലൂർ: കൊല്ലം-തിരുമംഗലം ദേശീപാതയിലെ പ്ലാച്ചേരിയിലുള്ള വലിയവളവ് വാഹനയാത്രികർക്ക് പേടിസ്വപ്നമാകുന്നു. ഒരു ഡസനിലധികം വാഹനാപകടങ്ങളാണ് ഇവിടെ അടുത്തകാലത്തായി ഉണ്ടായത്. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റതാണ് അവസാന സംഭവം. തിരുവനന്തപുരം സ്വദേശി അസറുദ്ദീനാണ് (25) പരിക്കേറ്റത്. പുനലൂർ പ്ലാച്ചേരിയിൽ ഓട നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം കയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം സ്തംഭിച്ചു. പുനലൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീട് ക്രെയിനെത്തിച്ച് വാഹനം ഉയർത്തി മാറ്റുകയായിരുന്നു.
കൊടുംവളവും കുത്തിറക്കവുമാണ് ഇവിടത്തെ അപകടങ്ങൾക്ക് മുഖ്യകാരണം. വളവിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കട്ടിംഗ് കാരണം ഇരുവശങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മറ്റ് വാഹനങ്ങൾ കാണാൻ സാധിക്കില്ലെന്നതും മറ്റൊരു ഭീഷണിയാണ്. നാല് വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്ന് പുനലൂരിലേക്ക് സ്കൂട്ടറിൽ വന്ന തമിഴ്നാട് സ്വദേശി എതിർദിശയിൽ നിന്നെത്തിയ ലോറയിടിച്ച് മരിച്ചതടക്കം ഇങ്ങനെ സംഭവിച്ചതാണ്.
തിരക്കേറിയ പാത....
തമിഴ്നാട്, ആന്ധ്രാ, കർണ്ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ശബരിമല സീസണിൽ തീർത്ഥാടകരുടെ വാഹനങ്ങൾ കടന്ന് പോകുന്നതും ഇതുവഴി തന്നെ. ഇവരാണ് അപകടഭീഷണിയുടെ നടുവിലായത്.
അപകടസൂചനാ ബോർഡുമില്ല
വാഹനയാത്രികരെ സഹായിക്കാനായി അപായസൂചനാ ബോർഡുകളില്ലാത്തതും മറ്റൊരുപ്രശ്നമാണ്. നിലവിൽ ദേശീയപാതയുടെ നവീകരണം ആരംഭിച്ചെങ്കിലും പ്ലാച്ചേരിയിൽ റോഡിലേക്ക് തളളി നിൽക്കുന്ന കട്ടിംഗ് നീക്കം ചെയ്യാനോ വളവ് ഒഴിവാക്കാനോ പദ്ധതിയില്ലെന്നാണ് അറിയുന്നത്. സമീപത്തെ കലയനാട് മുതൽ പ്ലാച്ചേരി വരെ ഏഴ് വലിയ വളവുകളാണുള്ളത്. ഇവിടെ അറുപതോളം വാഹനാപകടങ്ങളാണ് നടന്നത്.