school-bus
മണപ്പള്ളി ബഡ്സ് സ്കൂളിലെ വാഹനം

തഴവ : ഇന്നലെ ആറാം വാർഷികം ആഘോഷിച്ച മണപ്പള്ളി ബഡ്സ് സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ശാരീരികവും മാസസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ആറ് വർഷം മുമ്പാണ് സാമൂഹ്യക്ഷേമ വകുപ്പ് തഴവ ഗ്രാമ പഞ്ചായത്തിന് ബഡ്സ് സ്പെഷ്യൽ സ്കൂൾ അനുവദിച്ചത്. മണപ്പള്ളിയിലെ ഒരു വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്കൂളെന്ന പദവി നേടിയെടുക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഠനം, വിശ്രമം എന്നിവയ്ക്കായി ഇവിടെ ഒരു മുറി മാത്രമാണുള്ളത്. സ്കൂളിൽ ഇടുങ്ങിയ അടുക്കളയും മതിയായ സൗകര്യങ്ങളില്ലാത്ത ടോയ്‌ലെറ്റുമാണുള്ളത്. ഭിന്നശേഷിക്കാർക്ക് മികച്ച പരിഗണന നൽകാൻ സാമൂഹ്യക്ഷേമ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോഴും തഴവ ബഡ്സ് സ്കൂളിൽ ഇതിന്റെ ഒരു പ്രയോജനവും ലഭിക്കുന്നില്ല.

32 പേർ പഠനം നടത്തുന്നു

ഭിന്നശേഷിക്കാരായ മുതിർന്നവർക്ക് പ്രാഥമിക വിദ്യാഭ്യാസം , തൊഴിൽ പരിശീലനം എന്നിവ നൽകുന്നതിനായുള്ള പുനരധിവാസ കേന്ദ്രമായാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഭിന്നശേഷിക്കാരായ മുപ്പത്തിരണ്ട് പേരാണ് ഇവിടെ പഠനം നടത്തി വരുന്നത്. രണ്ട് അദ്ധ്യാപകരും രണ്ട് ജീവനക്കാരുമുൾപ്പടെ നാല് പേരാണ് സ്ഥാപനത്തിൻ ജോലി ചെയ്യുന്നത്. പഠനത്തിനായി ഇവിടെ എത്തുന്നവർക്ക് പുറത്തേക്കിറങ്ങി ഇരിക്കുവാൻ പോലും ഇടമില്ലാത്ത അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.

12 ലക്ഷം നഷ്ടമാകുമോ?..

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽ പരിശീലന ഉപകരണങ്ങൾ വാങ്ങുന്നതിന് പന്ത്രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും മതിയായ സ്ഥലസൗകര്യങ്ങൾ ഇല്ലാത്തതിനാൽ തുക നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെ സ്കൂളിലേക്കെത്തിക്കുന്നത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനത്തിലാണ്.