കൊല്ലം: സഖാവ് വിക്രമന് വേദനയോടെ കൂട്ടിരിക്കുകയാണ് അനിത. പ്രണയം മൊട്ടിട്ട് 32 വർഷം കടന്നുപോയശേഷം അനിതയുടെ കരംഗ്രഹിച്ച വിക്രമൻ ഇപ്പോൾ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലെ 118ാം നമ്പർ മുറിയിലാണ്. എഴുപത്തഞ്ചിന്റെ അവശതകളും സ്ട്രോക്ക് വന്നതിന്റെ ആഘാതവുമായി ഓർമ്മപോലുമില്ലാതെ ഒരേ കിടപ്പാണ്. അരച്ചെടുത്ത ആഹാരം ചുണ്ടുകളിലേക്ക് ഇറ്റിച്ചുകൊടുക്കുകയാണ് അമ്പത്തഞ്ചുകാരിയായ പ്രണയിനി.
ചെറുപ്പത്തിലേ ചെങ്കൊടിയേന്തിയ ഓച്ചിറ പായിക്കുഴി മണ്ടത്ത് ഹൗസിൽ ജി.വിക്രമന് പ്രണയം മൊട്ടിട്ടത് ട്യൂട്ടോറിയൽ അദ്ധ്യാപകനായിരിക്കെയാണ്. പത്താം ക്ളാസിലെ മുൻനിര ബെഞ്ചിലെ പാവാടക്കാരി അനിതയോട് തോന്നിയ പ്രണയം മറച്ചുവച്ചില്ല. ഒന്നിക്കാൻ ഇരുവരും മനസൊരുക്കിയെങ്കിലും അനിതയുടെ പിതാവ് പുരുഷോത്തമന്റെ പട്ടാളച്ചിട്ടയ്ക്ക് അതു പിടിച്ചില്ല. അച്ഛന്റെ പിടിവാശിയിൽ പായിക്കുഴി കണ്ണങ്കര വീട്ടിൽ ദേവദത്തനുമായി അനിതയുടെ വിവാഹം നടത്തി. പ്രണയം കനലായി മനസിൽ സൂക്ഷിച്ച വിക്രമൻ പ്രണയിനിക്കായി വാങ്ങിയ പട്ടുസാരിയും താലിയും കൂട്ടുകാരന്റെ വീട്ടിൽ ഒളിപ്പിച്ചുവച്ച് ചവറയിലേക്ക് ചേക്കേറി മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. 20 വർഷക്കാലം സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. അനിതയുടെ ജീവിതത്തിലേക്ക് ഒരിക്കൽ പോലും കരിനിഴലായി ചെന്നെത്താത്തവിധം പാർട്ടി ഓഫീസിലായിരുന്നു ജീവിതം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. വോട്ട് ചോദിക്കാൻ യാദൃച്ഛികമായി അനിതയുടെ വീട്ടിലെത്തി. അന്നാണ് അറിയുന്നത് മദ്യപാനിയായിരുന്ന ഭർത്താവ് ആത്മഹത്യ ചെയ്തതും രണ്ട് പെൺമക്കളും ഒരു പേരക്കുട്ടിയും അനിതയ്ക്ക് ഉണ്ടെന്നതും.
വിക്രമൻ വിജയിച്ച് പഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവായി. അപ്പോഴേക്കും അനിതയുടെ മക്കൾ ആഷ്ലിയും ആതിരയും പ്രണയത്തിന്റെ കഥകളറിഞ്ഞു. വിക്രമന്റെയും അനിതയുടെയും പുനഃസമാഗമത്തിന് അവർ വഴിതുറന്നു. 2016 ജൂലായ് 21ന് ഇരുവരും വിവാഹിതരായി. വരണമാല്യം എടുത്തുകൊടുത്തത് അനിതയുടെ കർക്കശക്കാരനായ പിതാവ്. മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളും സാക്ഷിയായി. ജീവിതം അങ്ങനെ പുതിയ പച്ചപ്പിലേക്ക് നീങ്ങവേയാണ് കടുത്ത സ്ട്രോക്ക് വില്ലനായെത്തിയത്. 20 ദിവസം കായംകുളം താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കെ.സോമപ്രസാദ് എം.പി മുൻകൈയെടുത്താണ് വിക്രമനെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. പാർട്ടിയുടെ പൂർണ ചുമതലയിലാണ് ആശുപത്രിവാസം. പാർട്ടിക്കുവേണ്ടി ജീവിതം മാറ്റിവച്ചപ്പോൾ വിക്രമന് സമ്പാദ്യത്തിന്റെ കണക്കു പുസ്തകമുണ്ടായിരുന്നില്ല. പ്രാണനാഥനൊപ്പമിരിക്കുമ്പോഴും അനിതയുടെ ഉള്ളിൽ ദാരിദ്ര്യത്തിന്റെ നീറ്റലുണ്ട്.