v
പ്രണയദിനത്തിനായി നഗര വിപണി ഒരുങ്ങി

കൊല്ലം: പ്രണയദിനത്തെ വരവേൽക്കാൻ നഗര വിപണി അണിഞ്ഞൊരുങ്ങി. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും 'വാലന്റൈൻസ് ഡേ ' പ്രത്യേക വിപണി സജ്ജമായത്. പ്രണിയിക്കുന്നവരും പ്രണയം ആദ്യമായി പറയാൻ ശ്രമിക്കുന്നവരും സമ്മാനിക്കാൻ ആഗ്രഹിക്കുന്ന സമ്മാനങ്ങളൊക്കെയും ഇവിടെ റെഡിയാണ്. പ്രണയദിനത്തിലെ കച്ചവടത്തിനായി മാത്രം കോളേജ് ജംഗ്ഷനിൽ ആരംഭിച്ച താൽക്കാലിക കടകളിലും തിരക്കേറെയാണ്. വിലയേറിയ ചോക്ക്‌ളേറ്റുകൾ, പ്രിയപ്പെട്ടയാളുടെ ചിത്രം പതിപ്പിച്ച ലോക്കറ്റുകൾ, താക്കോൽ ചെയിനുകൾ, കപ്പുകൾ, തലിയിണകൾ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെ. സാങ്കേതിക വിദ്യ വികസിച്ചതനുസരിച്ച് പുതിയ ട്രെന്റുകൾ ഇത്തവണയുമെത്തി.

പൊലീസ് നിരീക്ഷണം

ഇതിനിടെ പ്രണയാഘോഷങ്ങൾ അതിരു വിട്ട് പോകാതിരിക്കാൻ പൊലീസിന്റെയും പിങ്ക് പൊലീസിന്റെയും നിരീക്ഷണവും ഇന്ന് ശക്തമാകും. പ്രണയം നിരസിക്കുന്നവരെ കായികമായി ഉപദ്രവിക്കുന്ന പ്രവണത ഏറിയതിനാൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കർബല മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയേക്കും. കർബലയിലെ പതിവ് സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാൻ പിങ്ക് പൊലീസിന്റെ പട്രോളിംഗ് പതിവിൽ കൂടുതലുണ്ടാകും.