കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ മുൻ എം.പി സെബാസ്റ്റ്യൻ പോൾ നടത്തിയ ഇടപെടലിൽ കഞ്ചാവ് വിൽപ്പനക്കാരൻ കുടുങ്ങി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഡിബ്രുഗ- കന്യാകുമാരി എക്സ് പ്രസിൽ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സെബാസ്റ്റ്യൻ പോൾ. എ.സി എവൺ കോച്ചിലായിരുന്നു യാത്ര. കമ്പാർട്ട്മെന്റിലെ 17ാം നമ്പർ സീറ്റിലെ യാത്രക്കാരനായ അഭിരാജിന്റെ (28) അസ്വാഭാവിക പെരുമാറ്റം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോൺ സംസാരം സംശയത്തിന് ആക്കം കൂട്ടി. സൈഡ് കർട്ടൻ ഇട്ടപ്പോൾ അത് പറ്റില്ലെന്ന് പറഞ്ഞ് അഭിരാജ് കർട്ടൻ മാറ്റുകയും ചെയ്തതോടെ സെബാസ്റ്റ്യൻ പോൾ വിഷയം ടി.ടി.ആർ അനിൽ.ജി.നായരുടെ ശ്രദ്ധയിൽപ്പെടുത്തി. തനിക്ക് മറ്റൊരു കമ്പാർട്ട്മെന്റിൽ ഇരിപ്പിടം വേണമെന്ന് പറയുകയും ചെയ്തു. ടി.ടി.ആർ യുവാവിന്റെ ടിക്കറ്റ് പരിശോധിച്ചു. വിശാഖപട്ടണത്ത് നിന്നും തിരുവനന്തപുരത്തേക്കാണെന്ന് ബോദ്ധ്യപ്പെട്ടു. മറ്റ് തിരിച്ചറിയിൽ രേഖകൾ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് ആർ.പി.എഫ്, ജി.ആർ.പി ഉദ്യോഗസ്ഥരെ വരുത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മൂന്നു പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന 16 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിൽപ്പനക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റാണ് താനെന്നും ഇത്രയും സാധനം എത്തിയ്ക്കുമ്പോൾ 15,000 രൂപ കിട്ടുമെന്നും പ്രതി വെളിപ്പെടുത്തി. മലയാളിയായ അഭിരാജിനെ ആർ.പി.എഫ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരുമാറ്റത്തിൽ സംശയം
തോന്നി:സെബാസ്റ്റ്യൻ പോൾ
എ.സി കോച്ചിൽ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ചെറുപ്പക്കാരൻ ഇടയ്ക്കിടെ എന്നെ തുറിച്ച് നോക്കുന്നത് ശ്രദ്ധിച്ചു. അപ്പോൾത്തന്നെ എന്തോ അസ്വാഭാവികത തോന്നി. നിരീക്ഷിച്ചപ്പോൾ അത് ബലപ്പെട്ടു. വിൻഡോ കർട്ടൻ ഇടാൻ ശ്രമിച്ചപ്പോൾ തനിക്ക് അത് ഇഷ്ടമല്ലെന്ന് പറഞ്ഞ് തടഞ്ഞു. വിഷയം ഉണ്ടാക്കേണ്ട എന്നുകരുതി എന്നെ ഈ കമ്പാർട്ട്മെന്റിൽ നിന്നും മാറ്റണമെന്ന് ടി.ടി.ആറിനോട് ആവശ്യപ്പെടുകയായിരുന്നു. ചെറുപ്പക്കാരന്റെ പെരുമാറ്റത്തിലെ സംശയം ടി.ടി.ആറിനോട് പറഞ്ഞ പ്രകാരം പിന്നീട് ബാഗ് പരിശോധിച്ചപ്പോഴാണ് കഴുത്തിൽ തൂക്കിയിടുന്ന ടൈപ്പ് ബാഗിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.