കൊല്ലം: സാഹിത്യവലയത്തിലേക്ക് എണ്ണമറ്റ ആസ്വാദകരെയും ശിഷ്യരെയും ചേർത്ത് നിറുത്തിയ പ്രൊഫ.ആദിനാട് ഗോപിക്ക് കൊല്ലത്തിന്റെ സ്നേഹാദരവ്.
അദ്ധ്യാപകൻ, കവി, ഭാഷാ പണ്ഡിതൻ എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിൽ ജീവിതത്തെ അടയാളപ്പെടുത്തിയ ആദിനാട് ഗോപിക്ക് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സി.കേശവൻ സ്മാരക ടൗൺ ഹാളിലാണ് ആദരവ് സമ്മേളനം ഒരുക്കിയത്. നവതി കഴിഞ്ഞ അദ്ദേഹത്തിന്റെ 15 പുസ്‌തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനവും പുസ്‌തക പ്രകാശനവും നിർവഹിച്ചു. റിട്ടയർമെന്റ് ജീവിതത്തെ സജീവമാക്കി നിറുത്താനും 35 വർഷം സാഹിത്യ പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിഞ്ഞു എന്നതാണ് ആദിനാട് ഗോപിയുടെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. എം.എയ്‌ക്ക് പഠിക്കുന്ന കാലത്ത് തന്റെ അദ്ധ്യാപകനും വകുപ്പ് മേധാവിയും ആയിരുന്നു അദ്ദേഹം. തുളച്ച് കയറുന്ന ശബ്ദത്തിൽ അദ്ദേഹം വ്യാകരണം പഠിക്കുമ്പോൾ ഉറങ്ങാൻ പോലും കഴിയാതെ കേട്ടിരിക്കുമായിരുന്നു. കെ.പി.അപ്പനാണ് മറക്കാൻ കഴിയാത്ത മറ്റൊരദ്ധ്യാപകൻ. തന്റെ കോളേജ് ജീവിതത്തെ ധന്യമാക്കുന്നതിൽ ഇരുവർക്കും വലിയ പങ്കുണ്ടായിരുന്നുവെന്നും ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പ്രത്യേക താലത്തിൽ വച്ചിരുന്ന 15 പുസ്‌തകങ്ങൾ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയിൽ നിന്ന് പി.കെ.ഗുരുദാസൻ ഏറ്റുവാങ്ങി. വേദിയിലുണ്ടായിരുന്ന 15 പ്രമുഖർ പുസ്‌തകങ്ങൾ സദസിന് തുറന്ന് കാട്ടി. കൊല്ലം പൗരാവലിയുടെ ആദരവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രൊഫ. ആദിനാട് ഗോപിക്ക് സമർപ്പിച്ചു. പ്രശസ്‌തിപത്രം എം.നൗഷാദ് എം.എൽ.എ കൈമാറി. മലയാള ഭാഷാ വ്യാകരണം, കവിതാ പഠനങ്ങൾ, കവിതകൾ, നിരൂപണം തുടങ്ങിയവയാണ് പ്രകാശനം ചെയ്‌ത 15 പുസ്‌തകങ്ങളുടെ ഉള്ളടക്കം. 80-ാം വയസിൽ 5 പുസ്‌തകങ്ങളും 85-ാം വയസിൽ പത്ത് പുസ്‌തകങ്ങളും ആദിനാട് ഗോപി ഒരുമിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യർ, ആസ്വാദകർ, സുഹൃത്തുക്കൾ, സമകാലികർ, നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾ, ബന്ധുക്കൾ തുടങ്ങി സമ്പന്നമായ ഒരു സദസാണ് കൊല്ലത്തിന്റെ സ്നേഹം സമ്മാനിക്കാൻ ഒത്തു കൂടിയത്. സ്നേഹാദരവിന് പ്രൊഫ.ആദിനാട് ഗോപി മറുമൊഴി നൽകി.
ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.സുകേശൻ, സംസ്ഥാന സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി പ്രഭാകരൻ പഴശി, ഡോ.നടുവട്ടം ഗോപാലകൃഷ്‌ണൻ, എക്‌സ്.ഏണസ്റ്റ്, ഡോ.വള്ളിക്കാവ് മോഹൻദാസ്, ഡി.സുരേഷ് കുമാർ, കെ.ബി.മുരളീകൃഷ്ണൻ, കെ.ജി.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.