zz
കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ച നിലയിൽ

പത്തനാപുരം: കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർ ദുരിതത്തിലായി. കിഴക്കൻ മേഖലയിലെ പാടം, കറവൂർ, കടശ്ശേരി മേഖലകളിലാണ് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം പാടം കൈതക്കെട്ട് ജാസ്മിൻ മൻസിലിൽ മസൂദ് ഖാൻ, കൈതക്കെട്ടിൽ സുബീന എന്നിവരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. മസൂദ് ഖാന്റെ ഇരുന്നൂറ്റമ്പതിലധികം വാഴകൾ നശിപ്പിച്ചു. ഇതിൽ വിളവെടുക്കാൻ പാകമായ ചുവന്ന കുലയും ഏത്തനുമായിരുന്നു അധികവും.വിളവെടുക്കാൻ പാകമായ കുലകളാണ് നശിപ്പിക്കപ്പെട്ടതിലധികവും. പ്രദേശത്ത് പന്നിയുടെയും കുരങ്ങിന്റെയും ശല്യവും രൂക്ഷമാണ്. വന്യമൃഗ ശല്യം മൂലം കർഷകർ കൃഷിയിൽ നിന്ന് പിൻതിരിയുന്ന അവസ്ഥയുമുണ്ട്. കഴിഞ്ഞ ഒരു മാസമായി പാടം, കൈതക്കെട്ട്, കടുവാമൂല, കടശേരി, വെള്ളംതെറ്റി തുടങ്ങിയ ജനവാസ മേഖലകളിൽ രണ്ട് കൊമ്പനാനകൾ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് അധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.