ഹരിത നഗരം പദ്ധതിയുടെ ഭാഗമായി നട്ട വൃക്ഷത്തൈകൾ വ്യാപകമായി നശിപ്പിക്കുന്നു
കൊല്ലം: നഗരത്തെ ഹരിതാഭമാക്കാനായി നട്ടു പിടിപ്പിച്ച വൃക്ഷത്തൈകൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോൾ മിണ്ടാട്ടമില്ലാതെ നഗരസഭയും വനം വകുപ്പും മൗനം പാലിക്കുകയാണെന്ന് ആക്ഷേപം. വനം വകുപ്പിന്റെയും കൊല്ലം സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെയും സഹകരണത്തോടെ നഗരസഭയാണ് ഹരിത നഗരം പദ്ധതിക്ക് തുടക്കമിട്ടത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ആശ്രാമം മൈതാനവും കന്റോൺമെന്റ് മൈതാനവും ഉൾപ്പടെയുള്ള വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വൃക്ഷത്തൈകളാണ് നട്ടത്. ഇതിനായി ലക്ഷങ്ങളാണ് നഗരസഭയ്‌ക്കും വനം വകുപ്പിനും ചെലവായത്. വൃക്ഷത്തൈകൾ നട്ട ശേഷം അവയുടെ സംരക്ഷണത്തിനായി പ്രത്യേക ഇരുമ്പ് മറയും സ്ഥാപിച്ചു. വനം വകുപ്പിന്റെയും നഗരസഭയുടെയും ഒരു വിഭാഗം ജീവനക്കാർ ശ്രദ്ധയോടെ പരിപാലിച്ചാണ് വൃക്ഷത്തൈകളെ വളർത്തിയത്. പക്ഷേ തുടർച്ചയായി വൃക്ഷത്തൈകൾ നശിപ്പിക്കപ്പെടുന്നത് ഇവരെയെല്ലാം നിരാശരാക്കുകയാണ്. വൃക്ഷത്തൈകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുമ്പ് മറകൾ മോഷ്ടിക്കപ്പെടുന്നതും പതിവാണ്. ആശ്രാമം മൈതാനത്തും കന്റോൺമെന്റ് മൈതാനത്തും വിവിധ കൂട്ടായ്‌മകളും യോഗങ്ങളും നടന്ന് കഴിയുമ്പോൾ വലിയ തോതിൽ വൃക്ഷത്തൈകൾ നശിപ്പിക്കപ്പെടുന്നുണ്ട്. പന്തലിടുമ്പോഴും ജനക്കൂട്ടം എത്തുമ്പോഴും ആദ്യം നശിപ്പിക്കപ്പെടുന്നത് മാസങ്ങളോളം വെള്ളം കോരി പരിചരിച്ച് വേരുറപ്പിച്ച തൈകളാണ്.
പരിസ്ഥിതി ദിനത്തിലെ പതിവ് ആചാരം
എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ ലക്ഷങ്ങൾ മുടക്കി ആചാരം പോലെ മരം നടുന്നതല്ലാതെ തുടർ സംരക്ഷണത്തിന് ശ്രമങ്ങളൊന്നുമുണ്ടാവാറില്ല. ഇത്തരത്തിൽ നഷ്ടമാകുന്നത് ജനങ്ങളുടെ പണമാണ്. ആശ്രാമത്തിനും കന്റോൺമെന്റ് മൈതാനത്തിനും ഭാവിയിൽ തണലായി മാറേണ്ട വൃക്ഷത്തൈകൾ നശിപ്പിക്കപ്പെടുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. അധികൃതരുടെ ഈ നിസംഗതയ്ക്കെതിരെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പലതവണ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്
മരം നശിപ്പിക്കുന്നവരെ കണ്ടെത്താനായാൽ അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലയിലെ വനം വകുപ്പ് അധികൃതർ പറഞ്ഞു. കന്നുകാലികൾ വൃക്ഷത്തൈകൾ നശിപ്പിക്കുമ്പോൾ ഉടമസ്ഥരെ താക്കീത് ചെയ്‌തിട്ടുണ്ട്. തൈകൾ സംരക്ഷിച്ച് വളർത്താൻ തുടർ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
പരിസ്ഥിതി ദിനത്തിൽ മരം നടുന്നതല്ലാതെ സംരക്ഷണം ഉണ്ടാകുന്നില്ല. കൂടുതൽ മരം നടുകയല്ല, നട്ട മരങ്ങൾ സംരക്ഷിച്ച് വളർത്തുന്നതിലാണ് ശ്രദ്ധ വേണ്ടത്.
എം. ദീപു
എൻജിനിയറിംഗ് വിദ്യാർത്ഥി, കൊല്ലം