പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട പിറവന്തൂർ കിഴക്ക് 462-ാം നമ്പർ ശാഖായുടെയും കുടുംബയോഗം യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠയുടെ 11-ാം വാർഷികാഘോഷം ശാഖാ മന്ദിരത്തിൽ നടന്നു. പ്രതിഷ്ഠാ വാർഷികസമ്മേളനം എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ബൈഷി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന മെഗാ മോഹിനിയാട്ടം - ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംനേടിയ ശാഖാംഗമായ അഖില ആനന്ദിനെ പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ സോമരാജൻ അനുമോദിച്ചു. യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ അദ്ധ്യക്ഷനുമായ റിജു വി. ആമ്പാടി, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മുൻ ശാഖാ പ്രസിഡന്റ് വിജയൻ ആമ്പാടി, പിറവന്തൂർ ശാഖാ പ്രസിഡന്റ് എസ്. സുഭാഷ്, സെക്രട്ടറി വി. ജയകുമാർ, പിറവന്തൂർ പടിഞ്ഞാറ് ശാഖാ സെക്രട്ടറി ഷൈജു, കമുകുംചേരി ശാഖാ സെക്രട്ടറി രാധാമണി സതീശൻ, ചെന്നിലമൺ ശാഖാ പ്രസിഡന്റ് സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി സി.ആർ. രജികുമാർ സ്വാഗതവും വനിതാസംഘം ശാഖാ പ്രസിഡന്റ് പി.ജെ. സുജയ നന്ദിയും പറഞ്ഞു. തുടർന്ന് മാതാഗുരുപ്രിയയുടെ ഗുരുദേവപ്രഭാഷണം നടന്നു. ഉച്ചയ്ക്ക് സമൂഹസദ്യയും വൈകിട്ട് സമൂഹപ്രാർത്ഥനയും നടന്നു. ദീപാരാധനയോടു കൂടി വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.