മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിൾ
കൊല്ലം: സൈക്കിളിന്റെ പെഡലിൽ കാലമർത്തി മുന്നോട്ട് പോകുമ്പോൾ ജോമോളും ആനും മാളവികയും നികിതയുമൊക്കെ ചുറ്റും കണ്ടത് ചിരിയുടെ സിഗ്നലുകൾ. ആഹ്ലാദത്തിന്റെ പച്ച ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങൾക്ക് മുന്നോട്ടുള്ള വഴി കാട്ടിയത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ. കുട്ടികൾക്കൊപ്പം സൈക്കിൾ ചവിട്ടാൻ എം.മുകേഷ് എം.എൽ.എയും കൂടിയപ്പോൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി. സൈക്കിൾ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. പെൺകുട്ടികൾക്ക് സൈക്കിളുകൾ ലഭിക്കുന്നതോടെ മെച്ചപ്പെട്ട പഠനത്തിനും ആരോഗ്യത്തിനും മാനസികോല്ലാസത്തിനുമുള്ള അവസരമാണ് ലഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, തീരദേശ വികസന കോർപ്പറേഷൻ എം.ഡി പി.ഐ.ഷേയ്‌ക് പരീത്, എൽ ആന്റ് ഡി ജനറൽ മാനേജർ ഹേമന്ദ് ബഹ്‌റ, കമ്പനി പ്രതിനിധികളായ നിരഞ്ജൻ ബന്ദോപാദ്ധ്യായ, ദിലീപ് മാധവൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
സൈക്കിളുകൾക്കായി 90 ലക്ഷം രൂപ
പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച സൗജന്യ സൈക്കിൾ പദ്ധതി തീരദേശ വികസന കോർപ്പറേഷനാണ് നടപ്പാക്കിയത്. സംസ്ഥാനത്ത് തീരദേശ മേഖലയിലെ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ 2000 പെൺകുട്ടികൾക്കാണ് സൈക്കിളുകൾ ലഭിക്കുക. 4000 രൂപ വില വരുന്ന സൈക്കിൾ ജില്ലയിലെ 20 സർക്കാർ സ്‌കൂളുകളിലെ 463 പെൺകുട്ടികളാണ് ഏറ്റുവാങ്ങിയത്.