കൊട്ടാരക്കര: ക്ഷേത്രോത്സവങ്ങൾ കേവലം കലാപരിപാടികൾക്കും ഘോഷയാത്രയ്ക്കുമപ്പുറം അറിവിന്റെ ഉത്സവങ്ങളായി മാറണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക സമ്മേളനങ്ങൾക്കാണ് ഉത്സവവേദികൾ ഒരുക്കേണ്ടത്. വാദിക്കാനും ജയിക്കാനുമുള്ളതല്ല, മറിച്ച് പൊതുസമൂഹത്തിന് അറിവ് പകരാനുള്ള സമ്മേളനങ്ങളാകണമത്. ജാതി മത ചിന്തകളാൽ ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയിലേക്ക് മാറ്റിയെടുത്തത് ശ്രീനാരായണ ഗുരുദേവനടക്കമുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ വലിയ പരിശ്രമത്താലാണെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എൻ. സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ വൈദ്യുതി ദീപാലങ്കാരം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, വി. പുഷ്പരാജൻ, എം.എസ്. ശ്രീകുമാർ, ആർ.എസ്. അജീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ നടി ധന്യ അനന്യയെ ആദരിച്ചു. കല്യാണി എസ്. ദേവിന്റെ ദൈവദശക പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് തോറ്റംപാട്ടിന് തുടക്കമായി. 21ന് ശിവരാത്രി ദിനത്തിലാണ് ഉത്സവ സമാപനം.