snd
ഇളമ്പൽ ശാഖയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രവും ഓഫീസും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാടിന് സമർപ്പിച്ചപ്പോൾ. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, യോഗം അസി. സെക്രട്ടറി വനജവിദ്യാധരൻ, പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ്കുമാർ, ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദൻ, സെക്രട്ടറി എൻ.വി. ബിനുരാജ് തുടങ്ങിയവർ സമീപം.

പുനലൂർ:എസ്.എൻ.ഡി.പി യോഗത്തെ പിളർത്താനും, തളർത്താനും പലരും ശ്രമിച്ചിട്ടും നടക്കാത്തത് ഗുരുദേവൻെറ അനുഗ്രഹമുള്ളത് കൊണ്ടാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇളമ്പൽ 2197-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ നിർമ്മിച്ച ഗുരുദേവ ക്ഷേത്രവും ഓഫീസും നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൻെറ ഭരണം റിസീവറെ ഏൽപ്പിക്കണമെന്നാണ് ചിലരുടെ ആഗ്രഹം. ഭരണം റിസീവറുടെ മേൽ നോട്ടത്തിൽ വന്നാൽ സ്ഥിതി എന്താകുമെന്ന് അറിയാം.

യൂണിയനെ പിരിച്ചു വിടാനുള്ള അധികാരം യോഗ നേതൃത്വത്തിനുണ്ട്. രാഷ്ട്രീയം നോക്കാതെയാണ് എസ്.എൻ.ഡി.പി യോഗം അഭിപ്രായം പറയുന്നത്. മുഖ്യമന്ത്രി നല്ലത് ചെയ്താൽ നല്ലതെന്ന് പറയും. തെറ്റ് ചെയ്താൽ തെറ്റാണെന്നും പറയുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, പത്തനാപുരം യൂണിയൻ സെക്രട്ടറി ബിജു, യോഗം ‌ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷാഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, വാർഡ് അംഗം ആശാ ബിജു, ഇളമ്പൽ ശ്രീമഹാദേവർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എസ്. മുരളി, ജെ.താമരാക്ഷി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ.വി.ബിനുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദരൻ സ്വാഗതവും വനിത സംഘം ശാഖാ സെക്രട്ടറി എൻ.അംബുജാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.

ഗുരുദേവ ക്ഷേത്രം പണിയാൻ ഭൂമി സംഭാവനയായി നൽകിയ ശാഖാ പ്രസിഡന്റ് എൻ.സോമസുന്ദരനെ വെളളാപ്പള്ളി നടേശൻ ആദരിച്ചു. ഇന്നലെ രാവിലെ 8.15കഴികെ 9.25നകമുളള മുഹൂർത്തത്തിൽ ശിവഗിരി മഠത്തിലെ വിശാലാനന്ദ സ്വാമിയുടെയും, എസ്.ശ്യാംകുമാർ തന്ത്രികളുടെയും മുഖ്യകാർ‌മ്മികത്വത്തിൽ ഗുരുദേവ പഞ്ചലോക വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടന്നു.