വ്യവസായ വകുപ്പിന്റെ പ്രഖ്യാപനം ഉടൻ
കൊല്ലം: കൊല്ലം മുണ്ടയ്ക്കലിൽ ആരംഭിക്കുന്ന കിൻഫ്ര പാർക്കിന് പ്രത്യേക ഏകജാലക ക്ലിയറൻസ് ബോർഡ് രൂപീകരിക്കുന്നു. പാർക്കിൽ ആരംഭിക്കുന്ന വ്യവസായ യൂണിറ്റുകൾക്കുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കാനും തടസങ്ങൾ കാലതാമസമില്ലാതെ ഒഴിവാക്കാനുമാണ് പുതിയ ബോർഡ്.
നിലവിൽ ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്രീകരിച്ച് ഏകജാലക ക്ലിയറൻസ് ബോർഡ് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് കിൻഫ്ര പാർക്കിന് മാത്രമായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നത്. കിൻഫ്ര എം.ഡി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവർക്ക് പുറമെ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ ബോർഡിലുണ്ടാകും. ഒരു വ്യവസായ യൂണിറ്റിന് കിൻഫ്ര സ്ഥലം അനുവദിച്ച് കഴിഞ്ഞാൽ സംരംഭം ആരംഭിക്കാനുള്ള അനുമതികൾ ബോർഡ് ഇടപെട്ട് വേഗത്തിൽ ലഭ്യമാക്കും. കുറഞ്ഞത് ഒരുമാസത്തിനുള്ളിൽ എല്ലാ അനുമതികളും ലഭ്യമാക്കി സംരംഭം ആരംഭിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.
വ്യവസായ വകുപ്പ് നേരത്തെ കുണ്ടറ സിറാമിക്സിന് നൽകിയിരുന്ന ഭൂമിയാണ് ഒരു വർഷം മുൻപ് കിൻഫ്രയ്ക്ക് കൈമാറിയത്. ഇവിടേക്കുള്ള റോഡ് നിർമ്മാണവും കുടിവെള്ള പൈപ്പ് സ്ഥാപിക്കലും പുരോഗമിക്കുകയാണ്. വൈകാതെ സംരംഭകർക്ക് ഇവിടെ ഭൂമി അനുവദിച്ച് തുടങ്ങും.
മുണ്ടയ്ക്കൽ വ്യവസായ എസ്റ്റേറ്റ്
വിസ്തൃതി: 20.667 ഏക്കർ
വ്യവസായ യൂണിറ്റുകൾ: 53
പ്രവർത്തിക്കുന്നവ: 51
തൊഴിലവസരങ്ങൾ 324
കിൻഫ്ര പാർക്കിന്: 6.5 ഏക്കർ
കശുഅണ്ടി പാർക്കിന് സാദ്ധ്യത
മുണ്ടയ്ക്കലെ കിൻഫ്ര പാർക്ക് കേന്ദ്രീകരിച്ച് കശുഅണ്ടി സംസ്കരണ സംരംഭങ്ങൾ കൂടുതലായി ആരംഭിക്കാനാണ് സാദ്ധ്യത. കശുഅണ്ടിയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.