രോഗികളെ വീൽച്ചെയറിൽ കൊണ്ടുപോകാൻ ജീവനക്കാരില്ല
കൊല്ലം: ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്രിന്റെ വിപുലീകരണം തകൃതിയായി നടക്കുമ്പോഴും അവശരായ രോഗികളെ വീൽച്ചെയറിലിരുത്തി കൊണ്ടുപോകാൻ ജീവനക്കാരില്ല. ചികിത്സയ്ക്കായി എത്തുന്ന രോഗികളെ കൂടെയുള്ളവർ തന്നെ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. എന്നാൽ കൂടെയെത്തുന്നവർ അനാരോഗ്യത്താൽ ബുദ്ധിമുട്ടുന്നവരും വയോജനങ്ങളുമാണെങ്കിൽ മറ്റാരെയെങ്കിലും സഹായത്തിന് വിളിക്കേണ്ടി വരും. പലപ്പോഴും മറ്റ് രോഗികൾക്ക് ഒപ്പമുള്ളവരാണ് ഇവർക്ക് സഹായവുമായി എത്തുന്നതെന്ന് രോഗികൾ പറയുന്നു.
അധികൃതരുടെ പ്രതികരണം
രോഗികൾക്ക് ആശുപത്രി അറ്റൻഡർമാരുടെ സേവനം ലഭ്യമാണെന്നാണ് അധികൃതരുടെ വിശദീകരണം. അവശരായി എത്തുന്ന രോഗിയെ അത്യാഹിത വിഭാഗത്തിലിരുത്തിയ ശേഷം കൂടെയുള്ളവർക്ക് അറ്റൻഡറുടെ സഹായം ആവശ്യപ്പെടാവുന്നതാണ്. നിലവിൽ നല്ല രീതിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. പുതിയ ഡയാലിസിസ് യൂണിറ്റ് വരുന്നതോടെ രോഗികൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുമെന്നും അധികൃതർ പറയുന്നു.
ദിവസേന യൂണിറ്റിലെത്തുന്നത്: അമ്പതോളം രോഗികൾ
ഡയാലിസിസ് ചെയ്യാനുള്ള മുൻഗണനാ ലിസ്റ്റിൽ നിലവിലുള്ളത് 100 ലധികം പേർ
നവീകരണം പുരോഗമിക്കുന്നു
ജില്ലാ ആശുപത്രിയിൽ അടിയന്തരമായി നടപ്പാക്കേണ്ട ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഡയാലിസിസ് യൂണിറ്റ് നവീകരണം പ്രഖ്യാപിച്ചത്. ഇതിനായി തീരദേശ വികസന വകുപ്പിൽ നിന്ന് രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
പുതിയ യൂണിറ്റിലേക്ക് കൊല്ലം റോട്ടറി ക്ലബ് രണ്ട് മെഷീൻ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. യൂണിറ്റിന്റെ പ്രവർത്തനത്തിന് സന്നദ്ധ സംഘടനകളും നിരവധി സഹായങ്ങൾ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്കിന് മുകളിലായാണ് പുതിയ യൂണിറ്റ് സ്ഥാപിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം ലിഫ്റ്റിന്റെ ഉൾപ്പെടെയുള്ള പണികൾ പുരോഗമിക്കുന്നുണ്ട്.
നിലവിലെ സൗകര്യങ്ങൾ
പ്രവർത്തന സമയം രാവിലെ 6 മുതൽ രാത്രി 8 വരെ
രണ്ട് കെട്ടിടങ്ങളിൽ താഴെയും മുകളിലുമായി 2 യൂണിറ്റുകൾ
20 കിടക്കകൾ
2 കോടി രൂപയുടെ നവീകരണം
15 പേർക്ക് ഒരേസമയം കയറാവുന്ന ലിഫ്റ്റ്
30 കിടക്കകൾ