കൊല്ലം: നാലു ഘട്ടമായി വികസനപദ്ധതി പൂർത്തീകരിച്ച എൻ.എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് 17ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് പി. രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 200 കോടിയിലേറെ രൂപ ചെലവിട്ട് നബാർഡ് സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന എൻ.എസ് മെഡിലാന്റ് പദ്ധതിയുടെ ഭാഗമായ എൻ.എസ് കാൻസർ സെന്ററിന്റെ ശിലാസ്ഥാപനവും എൻ.എസ് അനുസ്മരണ പ്രഭാഷണവും മുഖ്യമന്ത്രി നിർവഹിക്കും.
16ന് രാവിലെ 10ന് എൻ.എസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 17ന് രാവിലെ 9 മുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുടുംബസംഗമം. വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മുതിർന്ന ഡോക്ടർമാരെ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ആദരിക്കും. ബെസ്റ്റ് നഴ്സ് അവാർഡ് മന്ത്രി കെ. രാജു സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി സെക്രട്ടറി പി. ഷിബു, ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഡയറക്ടർമാരായ പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ എന്നിവരും പങ്കെടുത്തു.
എൻ.എസ് സഹകരണ ആശുപത്രി
1988ൽ രൂപീകരിച്ച കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ആദ്യ സംരംഭമാണ് നാല് ഘട്ടങ്ങളിലായി 150 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച എൻ.എസ് സഹകരണ ആശുപത്രി. എട്ടു ചികിത്സാ വിഭാഗങ്ങളും 100 കിടക്കകളുമായി 2006ൽ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ആശുപത്രിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. രണ്ടാംഘട്ടം 2010ലും മൂന്നാം ഘട്ടം 2015ലും പൂർത്തീകരിച്ചു. നാലാം ഘട്ടവും പൂർത്തീകരിച്ചാണ് ഇപ്പോൾ പദ്ധതി സമർപ്പിക്കുന്നത്.
32 ചികിത്സാ വിഭാഗങ്ങളും 500 കിടക്കകളും 95 ഡോക്ടർമാരും 950ലേറെ ജീവനക്കാരും ആശുപത്രിയിലുണ്ട്. 10 നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കാൻസർ സെന്ററിൽ 200 കിടക്കകളുടെ സൗകര്യമുണ്ടാവും. 2021ൽ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.
ചികിത്സാവിഭാഗങ്ങൾ: 32
കിടക്കകൾ: 500
ഡോക്ടർമാർ: 95
ജീവനക്കാർ: 950ലേറെ