surgery
അവശനിലയിലായ കോഴിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തുന്നു

കൊല്ലം: മുട്ടയിടാൻ കഴിയാതെ വന്നതോടെ അവശനിലയിലായ കോഴിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി രണ്ട് മുട്ടകൾ പുറത്തെടുത്തു. കഴിഞ്ഞ ബുധനാഴ്ചയും ഇന്നലെയും ഇടേണ്ട മുട്ടകളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

കൊറ്റങ്കര തെക്കേവീട്ടിൽ രഘുനാഥൻ നായരുടെ ഏഴ് മാസം പ്രായമുള്ള കോഴിയാണ് മുട്ടയിടാനാകാതെ അവശനിലയിലായത്. ബുധനാഴ്ച ഇടേണ്ട മുട്ട ഉദരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ ഇന്നലെ ഇടേണ്ട മുട്ടയും കുടുങ്ങി. രണ്ട് മുട്ടകളും പൂർണ തോതിൽ വളർന്ന് തോട് വച്ചിരുന്നു.

ശസ്ത്രക്രിയ നടത്തി പുറത്തെടുത്തില്ലായിരുന്നെങ്കിൽ ഇവ ഉദരത്തിലിരുന്ന് പൊട്ടി കോഴിക്ക് മരണം സംഭവിക്കുമായിരുന്നു. എക്സ്റേ എടുത്താണ് മുട്ട കുടുങ്ങിയ സ്ഥലം കണ്ടെത്തിയത്. ഇരുപതോളം തുന്നലുകളുള്ളതിനാൽ കുറഞ്ഞത് നാല് ദിവസമെങ്കിലും മുട്ടയിടാൻ പാടില്ല. അതുകൊണ്ട് മൂന്ന് ദിവസത്തേക്ക് ഇരുട്ട് മുറിയിൽ താമസവും ഭക്ഷണവും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ സർജൻ ഡോ. ബി. അജിത് ബാബു, സർജന്മാരായ നിജിൽ ജോസ്, ഡോ. രേവതി, ജൂനിയർ ഡോക്ടർമാരായ അജയ് പി. കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

 മുട്ട കുടുങ്ങാൻ കാരണം

മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യക്കുറവ് എന്നിവയാണ് മുട്ട കുടുങ്ങാനുള്ള കാരണങ്ങൾ. ലൈറ്റിട്ട് വളർത്തുമ്പോൾ രാത്രികാലങ്ങളിലും കോഴികൾ കൂടുതലായി ഭക്ഷണം കഴിക്കും. ഇതോടെ പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ മുട്ടയിട്ട് തുടങ്ങും. ഗർഭാശയം പൂർണ വളർച്ചയെത്തുന്നതിന് മുമ്പ് മുട്ട രൂപപ്പെടുന്നതും കുടുങ്ങാനിടയാക്കും.

വേണ്ടിവന്നത്: 20 തുന്നലുകൾ

കുടുങ്ങിയത്:02 മുട്ടകൾ