photo
മണ്ണേൽക്കടവിലെ വിജയൻ ബീച്ച്.

കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് മണ്ണേൽക്കടവിൽ ടി.എസ്. കനാലിനോട് ചേർന്ന് കിടക്കുന്ന വിജയൻ ബീച്ചിൽ സമൂഹ്യ വിരുദ്ധശല്യം രൂക്ഷമാവുകയാണെന്ന് നാട്ടുകാരുടെ പരാതി. ടി.എസ്. കനാലിനോട് ചേർന്ന് ഓലയും മറ്റ് സാധനങ്ങളും ഉപയോഗിച്ച് സാമൂഹ്യവിരുദ്ധർ ഉണ്ടാക്കിയതാണ് വിജയൻ ബീച്ച്. മുണ്ടുതുറ ക്ഷേത്രത്തിന് സമീപത്തുകൂടി തെക്കോട്ട് ആലുംകടവിലേക്ക് പോകുന്ന ഗ്രാമീണ റോഡിന്റെ പടിഞ്ഞാറ് ഭാഗത്താണ് വിജയൻ ബീച്ച് എന്നറിയപ്പെടുന്ന കുപ്രസിദ്ധ സ്ഥലം. പുരയിടത്തിൽ ഒരാൾപ്പൊക്കത്തിൽ പന്നൽച്ചെടി വളർന്ന് നിൽക്കുന്നതിനാൽ വിജയൻ ബീച്ചിൽ ഇരിക്കുന്ന സമാഹ്യ വിരുദ്ധരെ ആർക്കും കാണാൻ കഴിയുകയില്ല. രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടം മദ്യപാനികൾ കൈയടക്കിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

പൊലീസ് പട്രോളിംഗ്

ഇപ്പോൾ വിജയൻ ബീച്ച് വഴിയുള്ള പൊലീസ് പട്രോളിംഗും നിലച്ചിരിക്കുകയാണ്. മദ്യ ലഹരിയിൽ കായലിൽ കുളിക്കാനിറങ്ങി യുവാവ് മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. നിറുത്തി വെച്ച പട്രോളിംഗ് പൊലീസ് പുനരാരംഭിക്കണമെന്നും പുരയിടത്തിൽ വളർന്ന് നിൽക്കുന്ന പന്നൽച്ചെടികൾ നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പേടിച്ച് നാട്ടുകാർ

സാമൂഹ്യ വിരുദ്ധരെ ഭയന്ന് പകൽ പോലും ഇതു വഴി പോകാൻ നാട്ടുകാർക്ക് ഭയമാണ്. രാവിലെ മുതൽ പല സമയങ്ങളിലായി ഇവിടെയെത്തുന്നവർ സംഘങ്ങളായി തിരിഞ്ഞാണ് മദ്യപിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും മദ്യപിക്കാൻ ഇവിടെ എത്താറുണ്ടെന്നും പൊലീസ് വന്നാൽ ഇവരെ അറിയിക്കുന്നതിനായി ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പൊലീസ് വിജയൻ ബീച്ചിലെത്തിയാലും ഇവർ കായലിൽ ചാടി നീന്തി രക്ഷപ്പെടും. ഇവിടെ തമ്പടിക്കുന്ന ഒരാളെപ്പോലും പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.