thevalakakra
തേവലക്കര ഗവ.ഐ.ടി.ഐ(ഫയൽ ചിത്രം)

കെടുകാര്യസ്ഥതയുടെ നഷ്ടക്കണക്കുകൾ അക്കമിട്ട് നിരത്തി സി.എ.ജി റിപ്പോർട്ട്

കൊല്ലം: തേവലക്കര ഗവ. ഐ.ടി.ഐയിൽ ലോ ടെൻഷൻ വൈദ്യുതി കണക്ഷൻ മതിയെന്നിരിക്കെ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ഹൈ ടെൻഷൻ കണക്ഷൻ എടുത്തതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി സി.എ.ജി റിപ്പോർട്ട്. സർവേയർ, പ്ലംബർ, വെൽഡർ ട്രേഡുകളിലാണ് തേവലക്കര ഐ.ടി.ഐയിൽ പരിശീലനം നൽകുന്നത്. സർവേയർ, പ്ലബർ ട്രേഡുകളിൽ മൂന്ന് കിലോവാട്ട് വീതവും വെൽഡർ ട്രേഡിൽ 16 കിലോവാട്ടും എന്ന കണക്കിലാണ് വൈദ്യുതി വേണ്ടത്. ഇത്തരത്തിൽ ആകെ വേണ്ടത് 22 കിലോവാട്ട് വൈദ്യുതിയാണ്.

ലോ ടെൻഷൻ കണക്ഷൻ വിഭാഗത്തിൽ കെ.എസ്.ഇ.ബി 100 കിലോവാട്ട് വൈദ്യുതി അനുവദിക്കുന്നതിനാൽ ഐ.ടി.ഐയുടെ പ്രവർത്തനത്തിന് ഇത് മതിയാകുമായിരുന്നു. എന്നാൽ ഹൈടെൻഷൻ കണക്ഷൻ എടുത്ത ഐ.ടി.ഐ ഇതിനായി 160 കെ.വി.എ ട്രാൻസ്‌ഫോർമർ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമായി 14 ലക്ഷം രൂപയാണ് ചെലവിട്ടത്. കൂടാതെ 13,300 രൂപ നിരക്കിൽ നിശ്ചിത ചാർജും പ്രതിമാസം നൽകാൻ ബാദ്ധ്യസ്ഥരായി.

2017 മാർച്ചിൽ 259 യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിന് 1623 രൂപയാണ് ഐ.ടി.ഐ ബിൽ തുകയായി അടച്ചത്. എന്നാൽ ഹെെടെൻഷൻ കണക്ഷൻ എടുത്തശേഷം അതേ വർഷം ജൂണിൽ 736 യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിന് 19,340 രൂപ നൽകേണ്ടി വന്നു. എന്നാൽ ഉപയോഗ ചാർജുകൾ കുറയ്‌ക്കാൻ കണക്‌ട് ചെയ്‌ത ലോഡ് 50 കെ.വി.എയിൽ നിന്ന് 15 കെ.വി.എയിലേക്ക് കുറയ്‌ക്കുന്നതിന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെ നടപടി സ്വീകരിച്ചില്ലെന്നാണ് സർക്കാ‌ർ നൽകിയ മറുപടി.

പരിശീലനം നൽകുന്നത്: 3 ട്രേഡുകളിൽ

വിവിധ ട്രേഡുകൾക്ക് വേണ്ട വൈദ്യുതി

01.വെൽഡർ: 16 കിലോ വാട്ട്

02:സർവേയർ: 3 കിലോ വാട്ട്

03. പ്ളംബർ: 3 കിലോവാട്ട്

ആകെ വേണ്ടത്: 22 കിലോവാട്ട്

ലോ ടെൻഷനിൽ ലദിക്കുന്നത്: 100 കിലോവാട്ട്

അധിക ചെലവ് ഇങ്ങനെ

01. 160 കെ.വി.എ ട്രാൻസ്‌ഫോർമർ: 14 ലക്ഷം

02. നിശ്ചിത ചാർജ്ജായി പ്രതിമാസം: 13,300 രൂപ

03. 2017 മാർച്ചിലെ ബില്ല്: 1623 രൂപ (259 യൂണിറ്റിന് )

04. ജൂൺ മാസത്തിൽ: 19,340 രൂപ ( 736 യൂണിറ്റിന്)

 പണം നൽകിയിട്ട് വർഷങ്ങൾ, നിർമ്മാണം തുടങ്ങിയിട്ടില്ല

ജില്ലയിലെ രണ്ട് ഐ.ടി.ഐകളിൽ പൊതുമരാമത്ത് വകുപ്പിനെയും മറ്റ് ഏജൻസികളെയും ഏൽപ്പിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും ആരംഭിക്കാനായില്ലെന്നും ഓഡിറ്റിൽ കണ്ടെത്തി. തേവലക്കര ഐ.ടി.ഐയിലെ ചുറ്റുമതിലിന്റെ നിർമ്മാണം സംസ്ഥാന നിർമ്മാണ കോർപറേഷൻ ലിമിറ്റഡിനെയാണ് ഏൽപ്പിച്ചത്. 2014 മാർച്ചിൽ 30 ലക്ഷം രൂപയും ഇതിനായി നൽകി. ആറ് വർഷമായിട്ടും നിർമ്മാണം തുടങ്ങാനായില്ല.

കൊല്ലം വനിതാ ഐ.ടി.ഐയിലെ സ്ത്രീകളുടെ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. 2017 ഡിസംബറിൽ 7.19 ലക്ഷം രൂപ അനുവദിച്ചു. രണ്ടുവർഷം പിന്നിടുമ്പോഴും ഇവിടെയും നിർമ്മാണം ആരംഭിക്കാനായിട്ടില്ല. 37.19 ലക്ഷം രൂപ ഈ രണ്ട് ഏജൻസികളുടെയും അക്കൗണ്ടിൽ വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്. പഴയ എസ്റ്റിമേറ്റ് അനുസരിച്ച് ഇനി നിർമ്മാണം നടത്താനും ആകില്ല.