drdge
കൊല്ലം തോട്ടിൽ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു

കൊല്ലം: കൊല്ലം തോട് നവീകരണം മൂന്നാം റീച്ചിൽ വഴിമുട്ടിയ നിലയിലായി. മെല്ലെപ്പോക്കിനെ തുടർന്ന് ജലകേളി കേന്ദ്രം മുതൽ കച്ചിക്കടവ് വരെയുള്ള മൂന്നാം റീച്ചിലെ കരാർ പുതുക്കി നൽകിയിരുന്നില്ല. കൊല്ലംതോട് നവീകരണം മേയ് മാസത്തിൽ പൂർത്തിയാക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടേക്കും.

കരാർ പണി മന്ദഗതിയിലായതും മണൽ കടത്ത് വ്യാപകമായതും കാരണം കരാർ കാലാവധി അവസാനിച്ചപ്പോൾ നീട്ടി നൽകയില്ല. ഇനി പുതിയ ടെണ്ട‌ർ ക്ഷണിച്ച് കരാറൊപ്പിട്ട് നവീകരണം ആരംഭിക്കാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലുമെടുക്കും. ഒരുമാസത്തിനുള്ളിൽ ഡ്രഡ്ജിംഗ് പൂർത്തിയാക്കി മേയിൽ തന്നെ തോട് ഗതാഗതത്തിന് തുറന്ന് നൽകാനുള്ള ശ്രമത്തിലാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ.

അഞ്ച് റീച്ചുകളായി നടക്കുന്ന കൊല്ലം തോട് വികസനത്തിൽ രണ്ടെണ്ണം നൂറ് ശതമാനം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച രണ്ടാം റീച്ചിലെ നവീകരണത്തിന്റെ കാലാവധി അടുത്ത ജൂലായ് വരെയുണ്ടെങ്കിലും മേയ് മാസത്തിന് മുൻപ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.

 നവീകരണ പുരോഗതി

റീച്ച് 1 - താന്നികായൽ - ഇരവിപുരം പാലം- 100 %

റീച്ച് 2 - ഇരവിപുരം പാലം - കച്ചിക്കടവ് - 10 %

റീച്ച് 3 - കച്ചിക്കടവ് - ജലകേളി കേന്ദ്രം - 11 % (കരാർ റദ്ദായി)

റീച്ച് 4 - ജലകേളി കേന്ദ്രം - പള്ളിത്തോട്ടം പാലം - 90 %

റീച്ച് 5 - പള്ളിത്തോട്ടം പാലം - കല്ലുപാലം - 100 %

'' പൂർത്തീകരണത്തെ ബാധിക്കുമെന്നതിനാൽ കരാർ റദ്ദാക്കൽ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മൂന്നാം റീച്ചിലെ പുതിയ ടെണ്ടർ അടുത്ത ആഴ്ച തന്നെ ക്ഷണിക്കും. ഇതിനായി ശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്.''

കെ. നന്ദനൻ (ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ)

'' മരം മുറിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിലും ഡ്രഡ്ജ് ചെയ്യുന്ന മണൽ നിക്ഷേപിക്കാനുള്ള സ്ഥലം കണ്ടെത്തി നൽകുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ കാലതാമസമുണ്ടായി. എന്നിട്ടും വിശദീകരണം പോലും ആവശ്യപ്പെടാതെ കരാർ റദ്ദാക്കുകയായിരുന്നു.''

അപ്പുക്കുട്ടൻ(മൂന്നാം റീച്ചിന്റെ മുൻ കരാറുകാരൻ)