നിരോധനം നിലനിൽക്കുമ്പോഴും പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭം
സർക്കാർ പരിപാടികളിലും ഭക്ഷണം നൽകുന്നത് പ്ളാസ്റ്റിക് കവറുകളിൽ
കൊല്ലം: വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിസഹകരണവും അനാസ്ഥയും കാരണം ജില്ലയിൽ പ്ലാസ്റ്റിക് നിരോധനം പാളി. സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ പൊതിയുന്നത് മുതൽ സർക്കാർ നിയന്ത്രണത്തിലുള്ള ചില ആരാധനാലയങ്ങളിൽ ചൂട് മാറാത്ത വഴിപാടുകൾ നൽകുന്നത് വരെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കവറുകളിലാണ്. ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ പരിശോധനകൾ പിന്നീട് ഇല്ലാതെ പോയതാണ് നിരോധനത്തെ ദുർബലപ്പെടുത്തുന്നത്.
ജനങ്ങളിൽ വലിയൊരു വിഭാഗം തുണി സഞ്ചികളിലേക്ക് മാറിയെങ്കിലും നിരോധനം നടപ്പിൽ വരുത്തേണ്ട വകുപ്പുകൾ അനാസ്ഥ തുടരുകയാണ്. കൊല്ലം നഗരസഭാ പരിധിയിൽ ഒറ്റപ്പെട്ട പരിശോധനകൾ നടന്നെങ്കിലും മറ്റെങ്ങും ഇത് നടപ്പായില്ല. ഭക്ഷണശാലകളിൽ ആഹാരം പൊതിയാൻ വാഴയിലകളും വട്ടയിലകളും തിരികെയെത്തിയെങ്കിലും കറികൾ പാഴ്സൽ നൽകാൻ ബദൽ സംവിധാനമായിട്ടില്ല. ഇപ്പോഴും നേർത്ത പ്ലാസ്റ്റിക് കവറുകളിലാണ് ചൂട് മീൻകറിയും ചിക്കൻ കറിയുമൊക്കെ നൽകുന്നത്. അലുമിനിയം ഫോയിൽ പേപ്പർ എന്ന പേരിൽ അലുമിനിയത്തിന്റെ നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ എത്തുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജനകീയ ബദലുകളായി, പക്ഷേ...
പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണി സഞ്ചികൾ, ശീതള പാനീയങ്ങൾ കുടിക്കാൻ പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം പേപ്പർ സ്ട്രോ, ആഘോഷങ്ങൾക്ക് ഐസ് ക്രീമും ഫ്രൂട്ട് സലാഡും നൽകാൻ പാള പാത്രങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന തടി സ്‌പൂണുകൾ, ഭക്ഷണം പൊതിയാൻ വാഴയില തുടങ്ങി ബദൽ മാർഗങ്ങൾ ഒരുപാട് വിപണിയിലെത്തി. എന്നാൽ നിരോധനം പൂർണായി നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ഇനിയും സാധിച്ചിട്ടില്ല.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണം കൊടുത്തത് പ്ലാസ്റ്റികിൽ
ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ സുരക്ഷിത ആഹാര സന്ദേശ പ്രചരണത്തിനായി കഴിഞ്ഞ ദിവസം കുട്ടികൾ തെരുവ് നാടകം നടത്തി. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷണം നൽകിയത് പ്ലാസ്റ്റിക് കവറുകളിൽ. ജില്ലാ ജയിലിൽ നിന്ന് പ്ലാസ്റ്റിക് കവറുകളിലെത്തിച്ച ഭക്ഷണമാണ് വാങ്ങി നൽകിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ നിയമത്തെ അട്ടിമറിക്കുമ്പോൾ സാധാരണക്കാർ നിയമം പാലിക്കണമെന്ന് പറയുന്നതിൽ എന്തർത്ഥം ?
...............................................................
നേർത്ത പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞെത്തുന്ന ചൂട് ഭക്ഷണം കഴിച്ചാൽ
പ്ലാസ്റ്റിക്കിന്റെ അംശം രക്തത്തിൽ കലരും. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ കാരണങ്ങളിലൊന്ന് ഇതാണ്.
ഡോ.ആശ ടി. പിള്ള, കൺസൾട്ടന്റ് ഫിസിഷ്യൻ
...............................................................................
ഹോട്ടലുകളിൽ ചൂട് കറികൾ പാഴ്സൽ നൽകുന്നത് പ്ലാസ്റ്റിക്ക് കവറുകളിൽ
ജില്ലാ ജയിലിലെ ഭക്ഷണവും പൊതിഞ്ഞ് നൽകുന്നത് ഇതേ രീതിയിൽ
ഹോട്ടലിൽ ഒരു ഊണിനൊപ്പം കറികൾ പൊതിയാൻ വേണ്ടത് പത്തോളം കവറുകൾ
മത്സ്യ മാർക്കറ്റുകളിലും പ്ലാസ്റ്റിക് കവറുകൾ തിരികെ എത്തി തുടങ്ങി
ജനുവരി ഒന്ന് മുതൽ നിരോധിച്ച പ്ലാസ്റ്റിക്ക് വസ്‌തുക്കളിൽ ചിലത്
01. എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും
02. ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
03. ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ
04. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കപ്പുകൾ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പ്ളേറ്റുകൾ
05. പ്ലാസ്റ്റിക് ഫ്ലാഗുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
06. അരലിറ്ററിൽ താഴെയുള്ള കുപ്പിവെള്ള ബോട്ടിലുകൾ
07. പി.വി.സി ഫ്ളെക്സ് മെറ്റീരിയൽസ്