കരുനാഗപ്പള്ളി: തഴവ ചിറ്റുമൂല സാലിഹ മൻസിലിൽ മുഹമ്മദിന് കൈത്താങ്ങായി കാരുണ്യശ്രീ പ്രവർത്തകർ. കപ്പലണ്ടി കച്ചവടം നടത്തി കുടുംബം പുലർത്തിയിരുന്ന മുഹമ്മദിന് ഭാര്യ ഷംനയുടെ ചികിത്സയ്ക്കായി ഉപജീവന ഉപാധികൾ വിൽക്കേണ്ടി വന്നു. ഇതോടെ കുടുംബം പട്ടിണിയിലുമായി. ഷംന നിലവിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗിയാണ്. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാതഭക്ഷണം നൽകുന്ന സംഘടനയാണ് കാരുണ്യ ശ്രീ. ഷംന തന്റെ ജീവിത പ്രയാസങ്ങൾ കാരുണ്യശ്രീ പ്രവർത്തകരുമായി പങ്ക് വെച്ചു. തുടർന്ന് ഇവർ മുഹമ്മദിന് നഷ്ടപ്പെട്ട കപ്പലണ്ടി കച്ചവടം നടത്താനുള്ള ഉന്തുവണ്ടിയും മറ്റ് സാധനങ്ങളും ഇന്നലെ ആശുപത്രി അങ്കണത്തിൽ വെച്ച് സൗജന്യമായി നൽകി. കച്ചവട സാധനങ്ങളുടെ വിതരണോദ്ഘാടനം കാരുണ്യശ്രീ രക്ഷാധികാരി ഷാജഹാൻ രാജധാനി നിർവഹിച്ചു. ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജിജേഷ് വി. പിള്ള, ബിജു മുഹമ്മദ്, ശിവകുമാർ കരുനാഗപ്പള്ളി, ഓമനക്കുട്ടൻ മാഗ്ന, രാജു മാസ്റ്റർ, ആർ. ദേവരാജൻ, മുഹമ്മദ് പൈലി, അജയകുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.