kollam-corporation

 നാല് ഏക്കറിൽ സീവേജ് പ്ളാന്റ് നിർമ്മിക്കും

കൊല്ലം: കോർപ്പറേഷന്റെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചണ്ടി ഡിപ്പോയുടെ പ്രവർത്തനങ്ങൾക്കായി നടപടികൾ ആരംഭിക്കുമെന്ന് മേയർ ഹണി ബെഞ്ചമിൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഡിപ്പോയുടെ 18 ഏക്കർ സ്ഥലത്ത് നിന്ന് നാല് ഏക്കറിൽ സീവേജ് പ്ലാന്റ് നിർമ്മിക്കും. ഇതിന്റെ ഭാഗമായി പ്രദേശത്തെ മരങ്ങൾ മുറിച്ചുനീക്കുമെന്നും ഗ്രീൻ ട്രൈബ്യൂണലിലെ കേസ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നിലവിലുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യത്തിനും നഗരശുചിത്വത്തിനുമാണ് പ്രഥമ പരിഗണനയെന്നും മേയർ വ്യക്തമാക്കി.

കോർപ്പറേഷൻ പരിധിയിൽ തെരുവ് വിളക്ക് പരിപാലനം ശരിയായി നടക്കാത്തതിനാൽ കള്ളന്മാരുടെ ശല്യം വർദ്ധിക്കുന്നതായി കൗൺസിലർമാർ യോഗത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും തുറമുഖം തൊഴിലാളികൾക്കും അടിയന്തര സഹായം, നഗരത്തിലെ തെരുവ്നായ പ്രശ്നം, പി.എം.എ.വൈ പദ്ധതിയുടെ ഗഡുക്കൾ വൈകുന്നു, ടാറിന്റെ ലഭ്യതക്കുറവ് മൂലം റോഡ് നിർമ്മാണത്തിലുണ്ടാകുന്ന കാലതാമസം തുടങ്ങിയ പ്രശ്നങ്ങളും കൗൺസിലർമാർ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ്, എം.എസ്. ഗോപകുമാർ, മീനാകുമാരി, രാജ്മോഹൻ, പ്രേം ഉഷാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 വെൻഡിംഗ് സോണും ചർച്ചയായി

നഗരത്തിൽ ദേശീയപാതയ്ക്ക് ഇരുവശവുമുൾപ്പെടെ തെരുവോര കച്ചവടക്കാർ വാഹനങ്ങളിൽ വ്യാപാരം നടത്തുന്നതിനെതിരെ കൗൺസിലിൽ പരാതി ഉയർന്നു. വെൻഡിംഗ് സോണുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ നടപടികൾ ഉണ്ടായില്ല. പട്ടികയിൽ 800 പേരോളം ഉൾപ്പെട്ടിട്ടും നടപടികൾ പുരോഗമിക്കുന്നില്ലെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി.

 ഞാങ്കടവ് കുടിവെള്ള പദ്ധതി

ഞാങ്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ലെന്ന് മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വർദ്ധിച്ച് വരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചെറിയ ഇടവഴികളിൽ കൂടിയും വാഹനസൗകര്യമൊരുക്കി വെള്ളമെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചു.

 ഇ സ്മാർട്ടുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും

തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് ഇ - സ്മാർട്ടുമായി ചർച്ചകൾ നടത്തി ഈ മാസം 20ന് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മേയർ പറഞ്ഞു. ഇ - സ്മാർട്ടുമായുള്ള കരാറുമായി ബന്ധപ്പെട്ട് കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന സംശയം ഉണ്ടായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ വൈകിയത്.