fish

 ഫോർമാലിൻ കലർന്ന അഞ്ഞൂറ് കിലോ മത്സ്യം കണ്ടെത്തി

പരവൂർ: പരവൂർ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ പരവൂർ മത്സ്യമാർക്കറ്റിൽ നടന്ന പരിശോധനയിൽ ഫോർമാലിൻ കലർന്ന അഞ്ഞൂറ് കിലോയോളം മത്സ്യം പിടിച്ചെടുത്തു. ചന്തയിൽ രാസവസ്തുക്കൾ കലർന്ന മത്സ്യം വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരവൂരിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും കണ്ടെടുത്തു. പഴകിയ ആഹാരങ്ങൾ പിടികൂടിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴ ഈടാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് സെക്രട്ടറി എൻ.കെ. വൃജ അറിയിച്ചു. ഹെൽത്ത് സ്ക്വാഡ് ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അശോക്, രണ്ടാം ഗ്രേഡ് ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. ഗായത്രി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ എസ്. ചന്ദ്രൻ, എസ്.ആർ. സരിൻ, എം.ആർ. സൗമ്യമോൾ എന്നിവരും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ സുജിത്ത് പെരേരയും പരിശോധനകൾക്ക് നേതൃത്വം നൽകി.