ithikkara
ദേശീയപാതയിലെ ഇത്തിക്കര വളവ്

ചാത്തന്നൂർ: രണ്ട് ദിവസം മുമ്പ് ദേശീയപാതയിൽ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷന് സമീപം ഇത്തിക്കര വളവിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ ദാരുണമായി മരിച്ചതോടെ ഇത്തിക്കരയിലെ 'അപകടവളവ്' ജനങ്ങളിൽ വീണ്ടും പേടിസ്വപ്നമാകുന്നു. തുടർക്കഥയാകുന്ന അപകടപരമ്പരകളിൽ ഇതിനോടകം നിരവധിപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.

 കൊലക്കയറാകുന്ന ഇത്തിക്കര

 വർഷത്തിൽ നൂറുകണക്കിന് അപകടങ്ങൾ

ഇത്തിക്കരയിൽ വർഷത്തിൽ നൂറോളം അപകടങ്ങൾ നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തിക്കര വളവിലെ അപകടസാധ്യത അറിയാത്തതിനാൽ പലപ്പോഴും വാഹനങ്ങളുടെ അമിതവേഗതയുൾപ്പെടെ പ്രശ്നമാകാറുണ്ട്.

രണ്ട് വർഷത്തിന് മുമ്പ് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരണപ്പെട്ടത്. മൂന്ന് വർഷം മുമ്പ് ശിവഗിരി തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. ഇവിടെയുണ്ടായ അപകടങ്ങളിൽ പരിക്കേറ്റ് വർഷങ്ങളോളം ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.

 കാണാമറയത്ത് പതിയിരിക്കുന്ന അപകടം

അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇത്തിക്കരയിലെ അപകടങ്ങൾക്ക് കാരണമെന്ന് ഭൂരിഭാഗം ഡ്രൈവർമാരും സാക്ഷ്യപ്പെടുത്തുന്നു. ചെറിയ ഇറക്കവും എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത തരത്തിലുള്ള വളവുമാണ് ഇത്തിക്കരയിലേത്.

അപകടങ്ങൾ കുറയ്ക്കുന്നതിനായി ദേശീയപാതാ അധികൃതർ ഇത്തിക്കര മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള റോഡ് വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന ഭാഗവും വീതികൂട്ടിയ ഭാഗവും നിർമ്മാണത്തിന് ശേഷം നിരപ്പില്ലാതെ താഴ്ന്നും പൊങ്ങിയും കിടക്കുകയാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ ഓളപ്പരപ്പിലൂടെ സഞ്ചരിക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം പലപ്പോഴും വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്ന സാഹചര്യമുണ്ട്.

ദേശീയപാതയുടെ ഇരുവശങ്ങളിൽ നിന്നും അമിതവേഗത്തിൽ വാഹനങ്ങൾ എത്തുന്നതും ഇത്തിക്കര വളവിനെ അപകടമേഖലയാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം അപകടങ്ങൾ തുടർക്കഥയായിട്ടും സിഗ്നൽ ലൈറ്റ്, ട്രാഫിക് പൊലീസ് സഹായം, സീബ്രാ ലൈൻ മുതലായ സുരക്ഷാ സംവിധാങ്ങൾ സജ്ജമാക്കിയിട്ടില്ലെന്നത് അധികൃതരുടെ അനാസ്ഥയാണ് സൂചിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

 വളവ് നിവർത്തുന്നതിന് മുൻഗണന

ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പി.ഡബ്ലിയു.ഡി ദേശീയപാതാ വിഭാഗം സമർപ്പിച്ച കരട് അലൈൻമെന്റിൽ പാതയിലെ വളവുകൾ നിവർത്തുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.