കൊല്ലം: കനത്ത വെല്ലുവിളി നേരിടുന്ന അസാധാരണ സ്ഥിതി വിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ജമ്മുകാശ്മീരിൽ നിന്നുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ യൂസഫ് ജമീൽ പറഞ്ഞു. കേരള മീഡിയ അക്കാദമി കേരള യൂണിവേഴ്സിറ്റി യൂണിയന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സഹകരണത്തോടെ കോളേജ് മാഗസിൻ എഡിറ്റർമാർക്കായി കൊല്ലത്ത് സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശ്രാമം അഡ്വഞ്ചർ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എ. ആർ റിയാസ് അദ്ധ്യക്ഷനായി. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൽ റഷീദ്, പ്രസ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസൻ, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജുകൃഷ്ണ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഡോ എം. ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. യൂസഫ് ജമീലിനെ ചടങ്ങിൽ അക്കാദമി ചെയർമാൻ ആർ.എസ് ബാബു ആദരിച്ചു.
മാഗസിനുകളുടെ ഭാഷാ, ശൈലി എന്നിവയെക്കുറിച്ച് ഉച്ചയ്ക്ക് ശേഷം നടന്ന ക്ലാസ് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും നിരൂപകനുമായ പി.കെ രാജശേഖരൻ നയിച്ചു. കെ. ഹേമലത പങ്കെടുത്തു. തുടർന്ന് മുഖപ്രസംഗം, അവതരണം, ഉള്ളടക്കം എന്നിവ സംബന്ധിച്ച് ദൂരദർശൻ തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ ബൈജുചന്ദ്രനും കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷും സംസാരിച്ചു. വൈകിട്ട് കലാസന്ധ്യയും നടന്നു.
ഇന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. മാധ്യമ നിരൂപകൻ ഡോ സെബാസ്റ്റ്യൻ പോളും സംസാരിക്കും.