qss
പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ പുതുതായി നിർമ്മിക്കുന്ന ഫ്ളാ​റ്റ് സമുച്ചയത്തിന്റെ പൈലിംഗ് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചപ്പോൾ. മേയർ ഹണി ബഞ്ചമിൻ, എം. മുകേഷ് എം.എൽ.എ തുടങ്ങിയവർ സമീപം

 ആറ് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന് നിർദ്ദേശം

കൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ കൊല്ലം കോർപ്പറേഷന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് പുതുതായി നിർമ്മിക്കുന്ന ഫ്ളാ​റ്റ് സമുച്ചയത്തിന്റെ പൈലിംഗ് ആരംഭിച്ചു. മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. മുട്ടത്തറ മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിന്റെ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെയാകും ഭവന സമുച്ചയം നിർമ്മിക്കുകയെന്ന് മന്ത്റി പറഞ്ഞു. ആറ് മാസം കൊണ്ട് പണി പൂർത്തിയാക്കണമെന്ന് മന്ത്റി കരാറുകാരോട് നിർദ്ദേശിച്ചു.

എം. മുകേഷ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, കൗൺസിലർ വിനീത വിൻസന്റ്, മന്ത്റിയുടെ അഡിഷണൽ പ്രൈവ​റ്റ് സെക്രട്ടറി കെ. അനിൽകുമാർ, കുഫോസ് ഭരണസമിതി അംഗം എച്ച്. ബേസിൽ ലാൽ, ട്രേഡ് യൂണിയൻ നേതാക്കളായ എ.എം. ഇക്ബാൽ, ജി. ആനന്ദൻ തുടങ്ങിയവർ മന്ത്റിക്കൊപ്പം പദ്ധതി സ്ഥലം സന്ദർശിച്ചു.

 ഉയരുന്നത് 179 ഫ്ളാറ്റുകൾ

 17.9 കോടി രൂപയുടെ നിർമ്മാണം
35 വർഷത്തിലേറെ പഴക്കമുള്ള ക്യു.എസ്.എസ് കോളനി നിവാസികൾക്കായി 179 ഫ്ളാ​റ്റുകളാണ് പുതുതായി നിർമ്മിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കുള്ള 114 ഫ്ളാ​റ്റുകൾ ഫിഷറീസ് വകുപ്പാണ് നിർമ്മിക്കുന്നത്. ഇതിനായി 11.4 കോടി രൂപ അനുവദിച്ചു. മ​റ്റുള്ള 65 ഫ്ളാ​റ്റുകൾക്കായി 6.5 കോടി രൂപ കൊല്ലം കോർപ്പറേഷനാണ് ചെലവഴിക്കുന്നത്.

 വീടുകളുടെ സ്ഥാനത്ത് ഫ്ളാറ്റുകൾ

 400 ചതുരശ്ര അടി വിസ്തീർണ്ണം

 രണ്ട് മുറി, അടുക്കള, വരാന്ത, ശുചിമുറി

ക്യു.എസ്.എസ് കോളനി പുനർനിർമ്മാണത്തിലൂടെ മത്സ്യത്തൊഴിലാളി മേഖലയിൽ മികച്ച പാർപ്പിട സൗകര്യമാണ് ഒരുങ്ങുന്നത്. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഇപ്പോഴുള്ള ഉടമകൾക്ക് അവരവരുടെ ഭവനങ്ങളുടെ സ്ഥാനത്ത് തന്നെ ഫ്ളാ​റ്റുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. 400 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് മുറികൾ, അടുക്കള, വരാന്ത, ശുചിമുറി എന്നിവ ചേർന്നതായിരിക്കും പുതിയ ഫ്ളാ​റ്റ്.