കുന്നത്തൂർ: 'സേഫ് കൊല്ലം' പദ്ധതി വരും തലമുറയുടെ ഭാവിയെക്കരുതി വിദ്യാർത്ഥികൾ ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ അബ്ദുൽ നാസർ പറഞ്ഞു. സേഫ് കൊല്ലം പദ്ധതിയുടെ വിശദീകരണവും കുട്ടികളുമായുള്ള സംവാദവും ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ ജില്ലാ ഭരണകൂടത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേച്ചർ പ്ലസ് കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറരലക്ഷം പേരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സേഫ് കൊല്ലം പദ്ധതി പന്ത്രണ്ട് ലക്ഷം പേരിലെത്തിക്കുവാൻ കഴിഞ്ഞത് വലിയ മുന്നേറ്റമായി വേണം കാണാൻ. പരിസ്ഥിതി വിഷയങ്ങൾ, റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ജീവിത മൂല്യങ്ങൾ, ആരോഗ്യ സംരക്ഷണം, സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ അനുവർത്തിക്കേണ്ട നിലപാടുകളെക്കുറിച്ച് അദ്ദേഹം ദീർഘമായ ബോധവൽക്കരണം നടത്തി. എല്ലാ ദിവസവും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹം കുട്ടികളോട് നിർദേശിച്ചു. തടാക തീരത്തെ എക്‌സൈസ് കോംപ്ലെക്സ് നിർമ്മാണം നിറുത്തിവെച്ചിരിക്കുകയാണെന്ന് വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ടയിലും ഭരണിക്കാവിലും മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഭരണിക്കാവിൽ യാത്രക്കാർക്കായി വിശ്രമകേന്ദ്രം സ്ഥാപിക്കുമെന്നും വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടർക്ക് നേച്ചർ പ്ലസ് കേരള ഏർപ്പെടുത്തിയ ഉപഹാരവും ചടങ്ങിൽ സമർപ്പിച്ചു. കൊൽക്കത്തയിൽ നടന്ന ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ നൃത്ത ചൂഡാമണി അവാർഡ് നേടിയ ബി.എസ്. ലക്ഷ്മിപ്രിയയെയും സംസ്ഥാന ലൈബ്രറി കൗൺസിൽ 2019ൽ നടത്തിയ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ എസ്ഥേർ ജോസിനെയും കളക്ടർ അനുമോദിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേച്ചർ പ്ലസ് കേരള ചെയർമാൻ കെ.വി. രാമാനുജൻ തമ്പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭന, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, ജില്ലാ ശുചിത്വ മിഷൻ കോ ഒാർഡിനേറ്റർ ജി. സുധാകരൻ, ബി.ഡി.ഒ അനിൽകുമാർ, നേച്ചർ പ്ലസ് കേരള സംസ്ഥാന കൺവീനർ എൽ. സുഗതൻ, താലൂക്ക് ചെയർമാൻ ഡോ. വൈ. ജോയി, കൺവീനർ ജോസ് മത്തായി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.വി. ആത്മൻ എന്നിവർ സംസാരിച്ചു.